മരിച്ചുപോയ ഭാര്യ പാലുകാച്ചൽ ചടങ്ങിനെത്തി; ആ രഹസ്യമറിഞ്ഞവർ വാപൊളിച്ചു

Tuesday 11 August 2020 12:21 PM IST

ബംഗളുരു: പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടക്കുകയാണ്. ആ വീടിന്റെ ഉടമസ്ഥന്റെ ഭാര്യ കുറച്ചുനാൾ മുമ്പ് അപകടത്തിൽ മരിച്ചുപോയെന്ന് ബന്ധുക്കൾക്കും നാട്ട‌ുകാർക്കുമൊക്കെ അറിയാം. പാലുകാച്ചൽ ചടങ്ങിനെത്തിയവർ വീടിന്റെ പുറത്തുനിൽക്കുന്ന ഗൃഹനാഥനെയും മക്കളെയും ആശംസകളറിയിച്ചശേഷം പുതിയ വീട് കാണാനായി ഉളളിലേക്ക് കയറി. ഒരു നിമിഷം അവർ ഞെട്ടിത്തരിച്ചുപാേയി. ഗൃഹനാഥന്റെ മരിച്ചുപോയ ഭാര്യ അതാ അവിടെ സെറ്റിയിൽ ചിരിച്ചുകൊണ്ടിരിക്കുന്നു. പുതിയ സാരിയും പതിവായി ധരിക്കുന്ന ആഭരണങ്ങളും അണിഞ്ഞ് തലയിൽ മുല്ലപ്പൂവും ചൂടി ഇരിക്കുന്ന അവരെക്കണ്ട് വന്നവർ ഭയന്നു. പ്രേതമായിരിക്കും അതെന്നാണ് ഭൂരിപക്ഷവും കരുതിയത്. അല്പം കഴിഞ്ഞപ്പോഴാണ് കാര്യത്തിന്റെ കിട‌പ്പുവശം എല്ലാവർക്കും പിടികിട്ടിയത്. അതോടെ പേടി ആശ്ചര്യത്തിന് വഴിമാറി. ഗൃഹനാഥന്റെ ഭാര്യയുടെ അതേവലിപ്പത്തിലുളള ജീവൻ തുടിക്കുന്ന പ്രതിമയായിരുന്നു അത്. കർണാടകത്തിലെ അറിയപ്പെടുന്ന വ്യവസായിയായ ശ്രീനിവാസ മൂർത്തിയാണ് വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ ഈ വെറൈറ്റി സർപ്രൈസ് ഒരുക്കിയത്. അത് ക്ളിക്കാവുകയും ചെയ്തു.

ചടങ്ങിനെത്തിയവർ ശ്രീനവാസ മൂർത്തിയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞെങ്കിലും ഭാര്യയുടെ പ്രതിമ പുതിയവീടിന്റെ പൂമുഖത്ത് സ്ഥാപിച്ചതിനെപ്പറ്റി അധിമാരും ചോദിച്ചില്ല. കരളലിയിക്കുന്ന ഒരു കദന കഥ ഇതിനുപിന്നിലുണ്ട്.

ശ്രീനിവാസമൂർത്തിക്ക് കുടുംബമായിരുന്നു എല്ലാം. മിക്കപ്പോഴും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം യാത്രപോവുമായിരുന്നു. അങ്ങനെ തിരുപ്പതിയിലേക്കുളള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിലാണ് ഭാര്യ മാധവിയെ അദ്ദേഹത്തിന് നഷ്ടമായത്. ഇതോടെ അദ്ദേഹം ആകെ തകർന്നു. ഏ‌റെനാൾ കഴിഞ്ഞാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പുതിയൊരു വീടെന്നത് ഭാര്യയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അത് സാധിക്കാനായി വീട് പണിയാൻ തീരുമാനിച്ചു.പണി പൂർത്തിയായെങ്കിലും എന്തോ ഒരു പോരായ്മ. ഭാര്യയെ എപ്പോഴും ഓർമ്മിക്കാൻ തക്ക ഒന്നും വീട്ടിലില്ലെന്നതാണ് ആ പോരായ്മയെന്ന് അദ്ദേഹത്തിന് വളരെപ്പെട്ടെന്ന് മനസിലായി. തുടർന്നാണ് ഭാര്യയുടെ അതേരൂപത്തിൽ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്. ശ്രീനിവാസ മൂർത്തിയുടെ ആഗ്രഹം നന്നായി മനസിലാക്കിയ ശില്പി ജീവൻതുളുമ്പുന്ന പ്രതിമ തന്നെ നിർമ്മിച്ച് നൽകി. ഒറ്റ നോട്ടത്തിൽ കണ്ടാൽ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂർണതയാണ് പ്രതിമയ്ക്കുളളത്.പ്രതിമയുടെയും പാലുകാച്ചലിന്റെയും വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തകർത്തോടുകയാണ്.