ഒടുവിൽ ലോകം കാത്തിരുന്ന ആ സന്തോഷ വാർത്തയെത്തി, കൊവിഡ് വാക്സിൻ വികസിപ്പിച്ച് റഷ്യ, മകൾക്ക് കുത്തിവയ്പ് നടത്തിയതായി പ്രസിഡന്റ് വ്ളാഡിമിർ പുചിൻ
മോസ്‌കോ: കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നൽകുന്ന ആദ്യ വാക്സിൻ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്ളാഡിമിർ പുചിൻ പ്രഖ്യാപിച്ചു. തന്റെ പെൺമക്കളിൽ ഒരാൾക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. 'ഇന്ന് രാവിലെ ലോകത്ത് ആദ്യമായി കൊവിഡിനെതിരെ ഫലപ്രദമായ വാക്സിൻ റഷ്യയിൽ രജിസ്റ്റർ ചെയ്തു'- മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിനിടെയാണ് പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.
'ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമായിട്ടുണ്ട്. എന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചു. അവള്‍ സുഖമായിരിക്കുന്നു.'-വ്ളാഡിമിർ പുചിൻ പറഞ്ഞു. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണിതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കൊവിഡ് വാക്സിൻ വേഗത്തിൽ വികസിപ്പിക്കാൻ റഷ്യ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആഴ്ചകൾക്കുള്ളിൽ വൻതോതിൽ ഉൽപാദനം ആരംഭിക്കുമെന്നും, അടുത്ത വർഷത്തോടെ പ്രതിമാസം 'ദശലക്ഷം' ഡോസുകൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ വാക്സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാക്സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച കൊവിഡ് വാക്സിൻ സംബന്ധിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. വാക്സിൻ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ യുഎൻ ആരോഗ്യ ഏജൻസി റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.