മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നില അതീവഗുരുതരം, കഴിയുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Tuesday 11 August 2020 7:28 PM IST

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില ഗുരുതരമെന്ന് ഡൽഹിയിലെ സൈനീക ആശുപത്രി. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ഇദ്ദേഹം ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയില്ലെന്നും നില ഗുരുതരമാണെന്നുമാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന സൂചന. ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ കൊവിഡ് പരിശോധനയിൽ പ്രണബ് മുഖർജിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

പ്രണബ് മുഖർജിയുടെ ആരോഗ്യ നില നിരീക്ഷിക്കുന്നതിനായി ഒരു സംഘം വിദഗ്ദ്ധ ഡോക്ടർമാരാണുളളത്. അദ്ദേഹം അബദ്ധത്തിൽ കുളിമുറിയിൽ വഴുതി വീണതിനെ തുടർന്നാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ശസ്ത്രക്രിയയുടെ ഭാഗമായി കഴിഞ്ഞാഴ്ച നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പ്രണബ് മുഖർജി തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2012 മുതൽ 2017 വരെ പ്രണബ് മുഖർജി ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം അലങ്കരിച്ചു.