ഇൻസ്റ്റാഗ്രാമിൽ കറുത്തവർഗക്കാരിയായ മോഡലിന്റെ ചിത്രം നീക്കിയതിൽ വ്യാപക പ്രതിഷേധം

Wednesday 12 August 2020 12:50 AM IST

വാഷിംഗ്ടൺ: ഇൻസ്റ്റാഗ്രാമിലെ സെൻസർഷിപ്പ് നിയമങ്ങളിൽ വർണവെറിയുടെ സൂചനകളുണ്ടെന്ന ആരോപണം ശക്തമാകുന്നു. കറുത്ത വർഗക്കാരിയായ മോഡൽ ന്യോമേ നിക്കോളാസ് വില്യംസ് പങ്കുവച്ച ഫോട്ടോയ്ക്കെതിരായ നടപടി ചൂണ്ടിക്കാട്ടിയാണ് പുതിയ വിവാദം കനക്കുന്നത്. ഫോട്ടോഗ്രാഫർ അലക്സാന്ദ്ര കാമറോൺ പകർത്തിയ ന്യോമേ നിക്കോളാസിന്റെ ചിത്രത്തിന് വലിയ ആരാധക പിന്തുണ ലഭിച്ചിട്ടും ഇൻസ്റ്റാഗ്രാം നീക്കം ചെയ്തതാണ് വിവാദത്തിന് അടിസ്ഥാനം.

ചിത്രം നീക്കിയതിന് പിന്നാലെ ന്യോമേ നിക്കോളാസ് വില്യംസിനു തന്റെ അക്കൗണ്ട്‌ നീക്കം ചെയ്യപ്പെട്ടേക്കാം എന്നൊരു താക്കീതും ലഭിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്. 'വെളുത്ത വർഗക്കാരായ മോഡലുകളുടെ നഗ്ന ചിത്രങ്ങൾ ദിവസേന ലക്ഷകണക്കിന് ഇൻസ്റ്റാഗ്രാമിൽ വരാറുണ്ട്. പക്ഷേ ഒരു കറുത്ത് തടിച്ച സ്ത്രീ തന്റെ ശരീരസൗന്ദര്യം പ്രദർശിപ്പിച്ചപ്പോൾ അവളുടെ അക്കൗണ്ട്‌ നീക്കം ചെയ്യപ്പെടും എന്ന താക്കീതാണ് ലഭിച്ചത്'. എന്നായിരുന്നു സംഭവത്തെ കുറിച്ച് ന്യോമേ നിക്കോളാസ് വില്യംസ് നടത്തിയ പ്രതികരണം. സംഭവത്തിന് പിന്നാലെ ന്യോമേ നിക്കോളാസ് വില്യംസിന്റെ നൂറു കണക്കിന് ആരാധകർ പിന്തുണയുമായി രംഗത്തെത്തി. #IwanttoseeNyome എന്ന ഹാഷ് ടാഗിൽ ഇവർ പ്രതികരണം രേഖപ്പെടുത്തി. എന്നാൽ, ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ആൽഗൊരിതത്തിന്റെ പ്രവർത്തനമാണ് ഇത്തരം ഒരു സംംഭവത്തിന് പിന്നിലെന്നായിരുന്നു വിഷയത്തിൽ ഇൻസ്റ്റാഗ്രാം സി.ഇ.ഒ ആദം മോസ്സറിയുടെ പ്രതികരണം. ഫോട്ടോ നീക്കം ചെയ്യപ്പെടാൻ കാരണമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ഇൻസ്റ്റാഗ്രാം വൈസ് പ്രസിഡന്റ് വിശാൽ ഷായും പ്രതികരിച്ചു.