സച്ചിൻ പൈലറ്റിന്റെ കാര്യത്തിൽ മോദി-ഷാ തന്ത്രം ഫലിക്കാത്തതിന് രണ്ടുണ്ട് കാരണം, രാജസ്ഥാനിൽ സംഭവിച്ചത്...
ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തുമ്പോൾ അത് ഹൈക്കമാൻഡിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഏതാണ്ട് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തങ്ങളുടെ ചെറുതും വലുതാമായ നേതാക്കളെ ബി.ജെ.പി റാഞ്ചുമ്പോൾ അത് നോക്കിയിരിക്കാൻ മാത്രമേ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ സംഭവിച്ചതിന് നേർ വിപരീതമായിരുന്നു രാജസ്ഥാനിൽ നടന്നത്. മോദി-ഷാ തന്ത്രങ്ങൾക്ക് തിരിച്ചടി ലഭിച്ചുവെന്ന് അടക്കം പറയുന്നവർ രാജസ്ഥാനിലെ ബി.ജെ.പിയിൽ തന്നെയുണ്ട്.
മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ കളത്തിലിറക്കി കമൽനാഥ് സർക്കാരിനെ താഴെയിറക്കിയ അതേ തന്ത്രമാണ് രാജസ്ഥാനിലും ബി.ജെ.പി പയറ്റാൻ ശ്രമിച്ചത്. സിന്ധ്യയ്‌ക്ക് പകരം സച്ചിൻ എന്ന വ്യത്യാസം മാത്രമെ ഇവിടെ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിൽ രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തീസ്ഗഡും കോൺഗ്രസിന് ഒപ്പം നിന്നത് ബി.ജെ.പി നേതൃത്വത്തിന് നൽകിയ ക്ഷീണം ചെറുതായിരുന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം കരസ്ഥമാക്കിയതോടെ കേവല ഭൂരിപക്ഷത്തിന്റെ പുറത്ത് നിൽക്കുന്ന മദ്ധ്യപ്രദേശ്-രാജസ്ഥാൻ സർക്കാരുകളെ വലിച്ചിടാനുള്ള കളികൾ അമിത്ഷായുടെ ആസൂത്രണത്തിൽ ഒരുങ്ങുന്നുണ്ടായിരുന്നു.
മദ്ധ്യപ്രദേശിൽ അമിത്ഷായുടെ രാഷ്ട്രീയനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരിട്ടായിരുന്നു. എന്നാൽ രാജസ്ഥാനിൽ ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്ര നേതാക്കളുടെ തന്ത്രത്തിനൊപ്പം നിൽക്കാൻ പ്രാദേശിക നേതാക്കളിൽ പലരും തയ്യാറായില്ല. പാർട്ടിയിൽ നിലനിന്നിരുന്ന ആഭ്യന്തര കലഹമായിരുന്നു ഇതിന് പ്രധാന കാരണം. സംസ്ഥാന നേതാക്കളുടെ പോര് അവസാനിപ്പിക്കാനുള്ള കാര്യമായ നീക്കങ്ങൾ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. രാഷ്ട്രീയ കരുനീക്കങ്ങളിൽ ഉടനീളം വസുദ്ധരരാജ പുലർത്തിയ മൗനം ദേശീയ നേതൃത്വം കണക്കുകൂട്ടിയതിനും അപ്പുറമായിരുന്നു.
സച്ചിൻ പൈലറ്റുമായി നടത്തിയ ചർച്ചകളിലൊന്നും വസുന്ധരരാജയെ ഒപ്പം കൂട്ടാൻ ദേശീയ നേതൃത്വം കൂട്ടാക്കിയിരുന്നില്ല. പാർട്ടി കമ്മിറ്റികളിൽ ഒന്നിലും പങ്കെടുക്കാതിരുന്ന അവർ സച്ചിന്റെ വിമത നീക്കവുമായി ബന്ധപ്പെട്ട് പ്രസ്‌താവനകൾ നടത്താനും തയ്യാറായിരുന്നില്ല. സച്ചിനെ വലയിലാക്കാൻ കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിനെയും ഒരു പിടി നേതാക്കളെയും ബി.ജെ.പി കളത്തിലിറക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല.
ആഗസ്റ്റ് ആദ്യവാരം രാജ്യതലസ്ഥാനത്തെത്തിയ വസുന്ധര രാജ ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന ബി.ജെ.പി നേതൃത്വം തനിക്കെതിരെ നടത്തുന്ന അപവാദപ്രചാരണങ്ങളെക്കുറിച്ചും ചരടുവലികളെക്കുറിച്ചും അവർ പരാതിപ്പെട്ടു. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ തന്നെ വിശ്വാസത്തിലെടുത്തില്ലെന്നും അവർ പറഞ്ഞു. ഇത് കാര്യമായെടുത്ത് അവസാന നിമിഷം കളം പിടിക്കാൻ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായില്ല. രാജസ്ഥാൻ നേതാക്കളുടെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കുന്നതിനാകും ബി.ജെ.പി ഇനി പ്രഥമ പരിഗണന നൽകുക. അതുകഴിഞ്ഞാൽ തന്നെയും ഇനി സച്ചിൻ കോൺഗ്രസ് വിട്ട് തങ്ങളുടെ കൂടാരത്തിലേക്ക് വരുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നുമില്ല.