ശത്രുക്കളെ തുരത്താൻ എച്ച്.എ.എല്ലിന്റെ 'വജ്രായുധം', ലഡാക്കിലേക്ക് അയച്ചത് രണ്ട് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ

Wednesday 12 August 2020 5:00 PM IST

ശ്രീനഗര്‍ : ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച രണ്ട് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ(എൽ.സി.എച്ച്) ഇന്ത്യൻ വ്യോമസേനയെ പിന്തുണയ്ക്കുന്നതിനായി ലഡാക്ക് മേഖലയിൽ വിന്യസിച്ചു.ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ വിന്യസിപ്പിച്ച് സുരക്ഷ കൂട്ടുന്നത്.

അതിർത്തിയിൽ ഹൈലികോപ്റ്ററുകൾ വിന്യസിച്ച കാര്യം ഒരു പ്രസ്താവനയിലൂടെയാണ് എച്ച്.എ.എൽ അറിയിച്ചിരിക്കുന്നത്.'ഇന്ത്യൻ സായുധ സേനയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പ്രത്യേകതകളോടെ, എച്ച്.എ.എൽ രൂപകൽപ്പന ചെയ്ത് ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ യുദ്ധ ഹെലികോപ്റ്ററാണിത്. '-എച്ച്.എ.എൽ ചെയർമാൻ ആർ മാധവൻ പറഞ്ഞു.

ഉയരമുള്ള പ്രദേശങ്ങളില്‍ നിന്ന് വളരെ കൃത്യമായി നിരീക്ഷണം നടത്താന്‍ കഴിവുള്ളവയാണ് എല്‍.സി.എച്ച് ഹെലികോപ്റ്ററുകൾ. അതിനാൽത്തന്നെ ശത്രുക്കളുടെ നുഴഞ്ഞുകയറ്റം വളരെ വേഗം തിരിച്ചറിയാൻ സാധിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഹെലികോപ്റ്ററിന് രാത്രിയെന്നോ പകലെന്നോ വേർതിരിവില്ലാതെ, ഏത് തരത്തിലുള്ള ശത്രുക്കളെയും തുരത്താൻ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന രണ്ട് എൽ.സി.എച്ചുകൾ പ്രോട്ടോടൈപ്പുകളാണെന്നും, വ്യോമസേനയ്ക്ക് വിതരണം ചെയ്യുന്നവ ആവശ്യമുള്ള ആയുധ ശേഷിയുമായി എത്തുമെന്നും എച്ച്.എ.എൽ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞയാഴ്ച ലഡാക്ക് മേഖല സന്ദർശിച്ച വേളയിൽ, വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ ഹർജിത് സിംഗ് അറോറ അപ്പാഷെ ഹെലികോപ്റ്ററിൽ അതിർത്തിയിൽ നിരീക്ഷണം നടത്തിയിരുന്നു. തോയിസിൽ നിന്നും ലേ വരെയുള്ള പ്രദേശങ്ങളിലാണ് നിരീക്ഷണം നടത്തിയത്. എച്ച്എഎൽ സഹ പൈലറ്റും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗൽവാൻ താഴ്‌വരയിൽ ജൂൺ 15 ന് രാത്രിയുണ്ടായ ചൈനീസ് അതിക്രമത്തിൽ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.