കാട്ടുതീയോ.. ആമസോണിലോ...അതൊക്കെ നുണയാണ് ! ബൊൽസൊനാരോയുടെ വിചിത്രവാദം

Wednesday 12 August 2020 7:26 PM IST

റിയോ ഡി ജനീറോ : ബ്രസീലിൽ ആമസോൺ മഴക്കാടുകളെ കാട്ടുതീ നശിപ്പിക്കുന്നുവെന്നത് നുണപ്രചാരണം മാത്രമാണെന്ന് പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ. ആമസോൺ മഴക്കാടുകളിലെ കാട്ടുതീ ക്രമാതീതമായി വർദ്ധിച്ചുവരുന്നതായി ബ്രസീൽ ഭരണകൂടം പുറത്തുവിട്ട റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബൊൽസൊനാരോയുടെ വിചിത്ര പ്രസ്താവന.

ആമസോൺ മഴക്കാടുകളിലെ വനനശീകരണത്തിനും കാട്ടുതീയ്ക്കുമെതിരെ തണുപ്പൻ പ്രതികരണം സ്വീകരിക്കുന്നതിനെതിരെ നേരത്തെ തന്നെ ബൊൽസൊനാരോയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. അതേ സമയം,​ ബ്രസീലിയൻ സ്പെയ്സ് ഏജൻസിയുടെ കണക്കനുസരിച്ച് ബ്രസീലിയൻ ആമസോണിലെ കാട്ടുതീ കഴിഞ്ഞ വർഷം ജൂലായ്‌യെ അപേക്ഷിച്ച് ഈ വർഷം ജൂലായിൽ 28 ശതമാനം വർദ്ധിച്ചതായാണ് കണ്ടെത്തൽ. കൃഷിയ്ക്കായും മറ്റും മനുഷ്യർ തന്നെ അനധികൃതമായി കാടിന് തീയിടുന്നതായാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വർഷം മേയ് മുതൽ ഒക്ടോബർ വരെയുണ്ടായ കാട്ടുതീയുടെ ഫലമായി കട്ടികൂടിയ കറുത്ത പുക ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള സാവോപോളോയിൽ വരെയെത്തിയിരുന്നു. ഈ സീസണിലും വൻ കാട്ടുതീയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.