കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ കൂടി കുടുങ്ങി

Thursday 13 August 2020 12:02 AM IST

ഇരവിപുരം: വാക്കുതർക്കത്തെ തുടർന്ന് യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ കൂടി ഇരവിപുരം പൊലീസിന്റെ പിടിയിലായി. തൃക്കോവിൽവട്ടം വെട്ടിലത്താഴം ദിവ്യാ പാക്കിംഗ് സെന്ററിന് സമീപം വിളപ്പുറത്ത് കിഴക്കതിൽ അജിത്താണ് (32) അറസ്റ്റിലായത്.

സംഭവത്തിൽ മുള്ളുവിള സ്വദേശിയായ ബൈജു നേരത്തെ പിടിയിലായിരുന്നു. വടക്കേവിള ന്യൂനഗർ ആശാരിയഴികം സബീനാ മൻസിലിൽ ഷാജിലിനെയാണ് (33) ഇരുവരും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഷാജിൽ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ജൂൺ 29ന് അർദ്ധരാത്രി കൂനമ്പായിക്കുളത്ത് വച്ചായിരുന്നു സംഭവം. കാറ്ററിംഗ് സ്ഥാപനം നടത്തുന്ന ഷാജിലിന്റെ വാനിൽ പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദം ഉണ്ടായതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഷാജിലുമായി വാക്കേറ്റത്തിലേർപ്പെട്ട പ്രതികൾ വാനിന്റെ ചില്ല് അടിച്ച് തകർക്കുകയും ഇരുമ്പ് കമ്പി കൊണ്ട് ഷാജിലിന്റെ കാലിലേക്ക് ആഞ്ഞടിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോഴേക്കും ഇവർ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈജു പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അജിത്തിനെ കുറിച്ച് ഇരവിപുരം ഇൻസ്പെക്ടർ കെ. വിനോദിന് ലഭിച്ച വിവരത്തെ തുടർന്ന് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, ജി.എസ്.ഐ ഷാജി, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.