എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
വടകര: കണ്ണൂർ എയർപോർട്ടിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. അഴിയൂർ കല്ലാമല സ്വദേശി പൊന്നൻകണ്ടി അരുൺകുമാറിനെയാണ് ചോമ്പാൽ പൊലീസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ഹുസ്‌നി മുബാറകിന്റെ പരാതിയിലാണ് അറസ്റ്റ്. സംഘത്തിൽപ്പെട്ട തലശേരി സ്വദേശിയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.,
പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് വിവരം. തലശേരി, ചോമ്പാല സ്റ്റേഷനുകളിൽ രണ്ട് വീതം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചോമ്പാല ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്.ഐ നിഖിൽ, അഡിഷണൽ എസ്.ഐ മാരായ അബ്ദുൾ സലാം, അശോകൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ഷാജി, രതീഷ് പടിക്കൽ എന്നിവർ പൊലീസ് സംഘത്തിലുൾപ്പെടും.