'ഗുൻജൻ സക്‌സേന: ദി കാർ​ഗിൽ ​ഗേൾ' ചിത്രത്തിനെതിരെ വ്യോമ സേന

Thursday 13 August 2020 1:10 AM IST

ന്യൂഡൽഹി: ആദ്യമായി യുദ്ധമുഖത്തേക്ക് വിമാനം പറത്തിയ വനിത ഗുൻജൻ സക്‌സേനയുടെ ജീവിതം പ്രമേയമാക്കിയ 'ഗുൻജൻ സക്‌സേന: ദി കാർഗിൽ ഗേൾ' എന്ന ചിത്രത്തിനെതിരെ ഇന്ത്യൻ വ്യോമ സേന പരാതി നൽകി.

ചിത്രത്തിൽ വ്യോമ സേനയെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്ന് കാട്ടിയാണ് സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷന് പരാതി നൽകിയത്. നടി ജാൻവി കപൂർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഇന്നലെ നെറ്റ്ഫ്‌ളിക്‌സിൽ റിലീസായിരുന്നു.

വരും തലമുറയെ എയർ ഫോഴ്‌സിലേക്ക് ആകർഷിക്കുന്ന പ്രമേയമെന്ന ധാരണയിലാണ് നിർമ്മാതാക്കളായ ധർമ്മ പ്രൊഡക്ഷൻസിന് ചിത്രീകരണ അനുമതി നൽകിയതെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും സേന വ്യക്തമാക്കി. വ്യോമസേനയിൽ ലിംഗ വിവേചനമുണ്ടെന്ന തരത്തിലുള്ള സീനുകളുണ്ടെന്നും ഇത് അസംബന്ധമാണെന്നും പരാതിയിൽ പറയുന്നു.

1999 കാർഗിൽ യുദ്ധസമയത്ത് പരിക്കേറ്റ ഇന്ത്യൻ ഭടന്മാരെയും കൊണ്ട് അതിർത്തിയിൽ നിന്ന് ആശുപത്രികളിലേക്ക് ഹെലികോപ്ടർ പറത്തിയ ഗു​ൻ​ജ​ൻ​ ​സക്സേനയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. നേരിട്ട് യുദ്ധം ചെയ്തില്ലെങ്കിലും ധീരമായ ഈ പ്രവൃത്തിക്ക് രാജ്യം ശൗര്യചക്ര നൽകി ഗുൻജനെ ആദരിച്ചു. ശൗര്യചക്ര ലഭിക്കുന്ന ആദ്യത്തെ വനിതയാണിവർ.