ബാലഭാസ്കറിന്റെ മരണം: അപകടസ്ഥലത്ത് കലാഭവൻ സോബിയുമായി സി ബി ഐ സംഘം തെളിവെടുപ്പ് നടത്തി

Thursday 13 August 2020 11:07 AM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സി ബി ഐ സംഘം തെളിവെടുപ്പ് നടത്തി. കേസിൽ സുപ്രധാന മൊഴി നൽകിയ കലാഭവൻ സോബിയുമായി അപകടസ്ഥലത്ത് വച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. അപകട സ്ഥലത്തിനടുത്തു നിന്ന് ഒരു കിലോമീറ്റർ പരിസരത്തുള്ള പെട്രോൾ പമ്പിനടുത്തായാണ് സി ബി ഐ സംഘം എത്തിയത്.

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടം കൃത്രിമമാണെന്നുമായിരുന്നു കലാഭവൻ സോബിയുടെ മൊഴി. അപകടം നടന്ന അന്ന് രാത്രി താൻ ഇവിടെ ഉണ്ടായിരുന്നതായി സോബി പറഞ്ഞു. ഇവിടെ സ്വർണക്കടത്തു കേസിലെ ചില പ്രതികളെയും താൻ കണ്ടിരുന്നതായും മൊഴി നൽകിയിരുന്നു.

ഡ്രൈവര്‍ അര്‍ജുന്‍ അമിതവേഗത്തില്‍ കാറോടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍ സി ബി ഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ അവരുടെ മുന്നിലുള്ള ഏറ്റവും വ്യത്യസ്തമായ മൊഴി കലാഭവന്‍ സോബിയുടേതാണ്.