എച്ച് 1 ബി വിസയുള്ളവർക്ക് പഴയ ജോലിയിൽ തിരികെ പ്രവേശിക്കാം

Friday 14 August 2020 12:54 AM IST

വാഷിംഗ്ടൺ: എച്ച് 1 ബി വിസയിൽ ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക. വിസയുള്ളവർക്ക് തിരികെ വന്ന് നേരത്തേയുള്ള ജോലികളിൽ തുടരാമെന്നാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധിക്കിടെ പുതിയ തൊഴിലാളികളെ നിയമിക്കുന്നത് തൊഴിൽ ദാതാക്കൾക്ക് കടുത്ത സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് തീരുമാനം.

എൽ 1 വിസ അപേക്ഷകർക്കും സമാനമായ മാർഗനിർദ്ദേശങ്ങൾ ബാധകമാണ്. വിസ നിയന്ത്രണങ്ങൾ വരുന്നതിന് മുമ്പ് ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിൽ അതേ തൊഴിൽ ദാതാവിന് കീഴിൽ മുമ്പ് ചെയ്തിരുന്ന തസ്തികയിൽ തന്നെ തിരികെയെത്താനാണ് ഇതോടെ സാധിക്കുക. ആരോഗ്യ പരിരക്ഷ, ഐ.ടി മേഖലയിലെ സീനിയർ ഉദ്യോഗസ്ഥർക്കാണ് മടങ്ങിയെത്താൻ സാധിക്കുക. ഇവർക്ക് 15 ശതമാനം അധിക വേതനം നൽകുന്നതിനെ കുറിച്ചും പരിഗണിക്കും. കൂടാതെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നതോ ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്കും ഇളവുകൾ അനുവദിക്കും.

അഞ്ച് മാർഗ നിർദ്ദേശങ്ങളാണ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിസയ്ക്കായി പരിഗണിക്കുന്നതിന് അപേക്ഷകർ ഈ അഞ്ചിൽ രണ്ടെണ്ണമെങ്കിലും പാലിക്കണം. തിരികെ എത്തുന്നവർക്ക് തങ്ങളുടെ ജീവിത പങ്കാളികളേയും കുട്ടികളേയും തിരികെ കൊണ്ടുവരാമെന്നും യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് സ്റ്റേറ്റ് അഡ്വൈസറി വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിർണായകതീരുമാനമെന്നത് ശ്രദ്ധേയമാണ്.