പ്രിയതമനെ ഒരു നോക്ക് കാണാൻ പാത്രം കഴുകി ഭാര്യ
ഫ്ലോറിഡ:ഓർമ്മയുടെ അവസാന കണികയും പോയ്‌മറഞ്ഞ ഭർത്താവിനെ ഒരു നോക്ക് കാണാൻ നഴ്സിംഗ് ഹോമിൽ പാത്രം കഴുകി ഭാര്യ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഫ്ലോറിഡ സ്വദേശികളായ സ്റ്റീവ് - മേരി ഡാനിയൽ ദമ്പതിമാരാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കൊവിഡ് അമേരിക്കയിലെമ്പാടും പടർന്ന് പിടിച്ചതോടെ, അൽസൈമേഴ്സ് രോഗിയായ സ്റ്റീവിനെ സുരക്ഷയെ കരുതി മാർച്ചിൽ നഴ്സിംഗ് ഹോമിലേക്ക് മാറ്റി. 24 വർഷത്തെ വിവാഹ ജീവിതത്തിനിടെ ഇതുവരെ ഭർത്താവിനെ പിരിഞ്ഞിരുന്നിട്ടില്ലാത്ത മേരി ഭർത്താവിനെ കാണാൻ ശ്രമിച്ചെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ മൂലം നടന്നില്ല.
നഴ്‌സിംഗ് ഹോമിൽ വോളണ്ടിയറായി ജോലി ചെയ്യാനുള്ള അനുവാദം മേരി ചോദിച്ചിരുന്നെങ്കിലും, ലഭിച്ചില്ല.പിന്നീട് സ്റ്റീവിന്റെ മുറിയുടെ ജനാലയിലൂടെ അയാളെ കാണാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഈ സമയത്താണ് നഴ്‌സിംഗ് ഹോമിൽ പാത്രം കഴുകുന്ന ആളുടെ ഒഴിവ് വന്നത്. മേരിക്ക് താൽപര്യമുണ്ടെന്നറിഞ്ഞ അധികൃതർ അവർക്ക് ആ ജോലിയും നൽകി. ആഴ്ചയിൽ രണ്ട് ദിവസമാണ് ജോലി. അങ്ങനെ, 144 ദിവസത്തെ വിരഹത്തിന് ശേഷം ഭർത്താവിനെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മേരിയിപ്പോൾ.