അയോദ്ധ്യ രാമക്ഷേത്രനിർമ്മാണ ട്രസ്റ്റ് ചെയർമാൻ നൃത്യ ഗോപാൽ ദാസിന് കൊവിഡ്
Friday 14 August 2020 1:55 AM IST
ന്യൂഡൽഹി:അയോദ്ധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട ക്ഷേത്രനിർമ്മാണ ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകാൻ നിർദേശിച്ചതായും വിഷയത്തിൽ കൂടുതൽ വിവരങ്ങൾ തേടിയതായും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ അഞ്ചിനാണ് രാമക്ഷേത്രത്തിന് നരേന്ദ്ര മോദി തറക്കല്ലിട്ടത്. ദാസിനെ കൂടാതെ യു.പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭഗവത്, പുരോഹിതർ അടക്കമുള്ളവരാണ് ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്.അതിനാൽ തന്നെ പ്രധാനമന്ത്രിയടക്കം ക്വാറന്റൈനിൽ പോകേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.