രാജ്യത്ത് പിടിമുറുക്കി കൊവിഡ്; വൈറസ് ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേയ്ക്ക്

Thursday 13 August 2020 10:01 PM IST

ന്യൂഡൽഹി: രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 196 ദിവസം പിന്നിടുമ്പോൾ കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷത്തിലേയ്ക്ക് ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രാജ്യത്ത്. ഇന്ന് 67,000 ത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് മരണസംഖ്യയിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 942 പേര്‍ക്കാണ് ഒരുദിവസം രാജ്യത്ത് കൊവിഡ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി ഉയര്‍ന്നിരിക്കുകയാണ്. ഈ സമയപരിധിയില്‍ 942 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 47,033 ആയിട്ടുമുണ്ട്. 6,53,622 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 16,95,982 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് പരിശോധനയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,30,391 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 2,68,45,688 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് രോഗബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ടായത്.

വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിതരുടെ ആകെ എണ്ണം 20,794,831 ആണ്. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ ആഗോളതലത്തില്‍ 13,695,388 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്.