ഉദ്യോഗസ്ഥർക്ക് കടിഞ്ഞാൺ; നികുതി ദായകർക്ക് സംരക്ഷണം, ആദായ നികുതി പരിഷ്‌കാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു
നികുതി അടയ്‌ക്കാത്തവരെ പിടിക്കാനും ലക്ഷ്യം
ന്യൂഡൽഹി:സത്യസന്ധരായ നികുതി ദായകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നികുതി വെട്ടിക്കുന്നവരെ ഡിജിറ്റൽ അസസ്മെന്റിലൂടെ കണ്ടെത്താനും ഉദ്യോഗസ്ഥരുടെ പീഡനവും അഴിമതിയും ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന നികുതി പരിഷ്‌കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു.
ഇന്ത്യയിൽ ആദ്യമായി,നികുതി ദായകരുടെ അവകാശ - കർത്തവ്യ ചാർട്ടറും ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കി ഡിജിറ്റലായി നടത്തുന്ന ഫേസ്‌ലെസ് അസസ്‌മെന്റ്, ഫേസ്‌ലെസ് അപ്പീൽ എന്നിവയും ഉൾപ്പെടുന്നതാണ് പരിഷ്‌കാരം. ഫേസ്‌ലെസ് അസസ്‌മെന്റ്, ടാക‌്‌സ് പേയേഴ്സ് ചാർട്ടർ എന്നിവ ഇന്നലെ നിലവിൽ വന്നു. ഫേസ്‌ലെസ് അപ്പീൽ സേവനങ്ങൾ ദീൻദയാൽ ഉപാദ്ധ്യായയുടെ ജന്മദിനമായ സെപ്‌തംബർ 25ന് നിലവിൽ വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമാണ്. പേസ്‌ലെസ് അസസ്‌മെന്റിന് കഴിഞ്ഞ ഒക്ടോബറിൽ തന്നെ തുടക്കമിട്ടിരുന്നു.
ഇന്ത്യയിൽ ഒന്നര കോടി ആളുകൾ മാത്രമാണ് നികുതി നൽകുന്നത്. കഴിവുള്ളവരെല്ലാം നികുതി അടയ്ക്കേണ്ടത് ആത്മ നിർഭർ ഭാരതം എന്ന ലക്ഷ്യം നേടാൻ അനിവാര്യമാണ്. -പ്രധാനമന്ത്രി നരേന്ദ്ര മോദി