’സ്പുട്‌നിക് 5’ ഉടൻ ഇന്ത്യയിലേക്കില്ല
ന്യൂഡൽഹി: റഷ്യ പുറത്തിറക്കിയ കൊവിഡ് വാക്‌സിൻ ‘ സ്പുട്‌നിക് 5’ ഉടൻ ഇന്ത്യയിലേക്കെത്തില്ലെന്ന് റിപ്പോർട്ട്. വാക്സിന്റെ കാര്യത്തിൽ റഷ്യയുടെ അനുഭവം മനസിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന സൂചന. വാക്സിൻ പരീക്ഷണം നടത്താൻ താത്പര്യം പ്രകടിപ്പിച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നു. എന്നാൽ രോഗം വ്യാപിക്കുന്ന ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പരീക്ഷണ ഘട്ടങ്ങൾ ഒഴിവാക്കി വാക്സിൻ നൽകാൻ സാധിക്കുമെങ്കിലും ഇന്ത്യ അങ്ങനെ ഒരു സാഹത്തിന് മുതിരില്ലെന്നാണ് വിവരം. മാത്രമല്ല, ഓക്സ്ഫോഡ് വാക്സിന്റെ കാര്യത്തിൽ ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രയൽ പരീക്ഷണം നിർദ്ദേശിച്ചിരിക്കെ റഷ്യൻ വാക്സിന്റെ കാര്യത്തിൽ ഇളവ് നൽകാൻ സാധിക്കില്ല. ഓക്സ്ഫോഡിൽ തയ്യാറാകുന്ന വാക്‌സിന്റെ ഉത്പാദനത്തിന് ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറുണ്ട്. എന്നാൽ റഷ്യയിലെ വാക്സിനുമായി ഇന്ത്യയിൽ നിലവിൽ കരാറുകളില്ല.
എന്തുകൊണ്ടാണ് ഇന്ത്യയ്‌ക്ക് താത്‌പര്യം കുറയുന്നത്
ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ച ആറ് മുൻ നിര വാക്‌സിൻ പരീക്ഷണങ്ങളിൽ റഷ്യയുടെ സ്‌പുട്‌നിക്-5 ഇല്ല.
കൊവിഡ് രോഗത്തെ പ്രതിരോധിക്കുമെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ട്രയൽ സംബന്ധിച്ച വിശദാംശങ്ങളും സുരക്ഷാ വിവരങ്ങളും വാക്‌സിൻ നിർമ്മാതാക്കളായ ഗമേലിയ ഇൻസ്‌റ്റിറ്റ്യൂട്ട് നൽകിയിട്ടില്ല.
റഷ്യയിലെ മരുന്നു നിർമ്മാണ കമ്പനികളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ക്ളിനിക്കൽ ട്രയൽസ് ഒാർഗനൈസേഷൻ(ആക്‌ടോ) വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു
സ്‌പുട്‌നിക്-5ന്റെ മൂന്നാം ഘട്ട ട്രയൽ നടത്തിയത് 76 പേരിൽ മാത്രം. കൊവിഡിനെതിരെ മരുന്നുണ്ടാക്കിയ പതഞ്ജലി പോലും ഇതിലുമേറെപ്പേരിൽ പരീക്ഷിച്ചു.
ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുടെ വാക്‌സിൻ മൂന്നാം ഘട്ടത്തിൽ. മൂന്നാം ഘട്ട ട്രയൽ നടക്കുന്നത് 10,000 പേരിൽ. പൂനെയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ടും പരീക്ഷണത്തിന്റെ ഭാഗം
ഇന്ത്യയുടെ സ്വന്തം വാക്‌സിൻ പരീക്ഷണങ്ങളും ട്രയൽ ഘട്ടത്തിൽ.