സ്വർണക്കടത്തിലെ കുരുക്കഴിക്കാൻ സി.പി.എം ലഘുലേഖ വീടുകളിലേക്ക്

Friday 14 August 2020 12:55 AM IST

തിരുവനന്തപുരം: സ്വർണക്കടത്തുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധിയുടെ കുരുക്കഴിക്കാൻ ലഘുലേഖയുമായി സി.പി.എം വീടുകയറുന്നു. പാർട്ടി നിലപാട് വിശദീകരിക്കുന്ന നാല് പേജുള്ള ലഘുലേഖയാണ് നൽകുന്നത്. കൊവിഡ് കാരണം രാഷ്ട്രീയ വിശദീകരണ യോഗങ്ങളക്കടക്കം നടക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. പ്രതിപക്ഷത്തിന്റെയും മാദ്ധ്യമങ്ങളുടെയും വിമർശനം സർക്കാരിനെ പ്രതിരോധത്തിലാക്കിതോടെയാണ് പാർട്ടി നിലപാട് സമൂഹത്തിലെ താഴെ തട്ട് വരെയെത്തിക്കാൻ സി.പി.എം തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാണിത്.

 ലഘുലേഖ ഇങ്ങനെ

'തുറന്നു കാട്ടപ്പെടുന്ന അജൻഡകളും നുണകളും" എന്ന തലക്കെട്ടോടെയുള്ള ലഘുലേഖയിൽ സ്വർണക്കടത്ത് കേസ് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലല്ലെന്നും ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒരാളും പ്രതിപ്പട്ടികയിലില്ലെന്നും വിശദീകരിക്കുന്നു. ശിവശങ്കറിനെതിരായ നടപടി വൈകി, സ്വപ്‌നയെ രക്ഷപ്പെടാൻ അനുവദിച്ചു, സർക്കാർ ജോലി നൽകി തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങൾക്കെല്ലാം ലഘുലേഖയിൽ മറുപടിയുണ്ട്.

സർക്കാരിന് ഒന്നും മറയ്‌ക്കാനില്ലാത്തതിനാലാണ് ഏതന്വേഷണവുമാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസെന്ന് മാദ്ധ്യമങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെപ്പോലെയാണ് ഇപ്പോഴുമെന്ന് സ്ഥാപിക്കാനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കൽ സെക്രട്ടറിയടക്കമുള്ളവരെ പുറത്തുനിന്നാണ് തിരഞ്ഞെടുക്കുന്നത്. ജോലിക്ക് യോജിച്ചയാളല്ലെന്ന് ആക്ഷേപമുണ്ടായാൽ ഒരന്വേഷണവുമില്ലാതെ മുഖ്യമന്ത്രിയുടെ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കാം. ഐ.എ.എസുകാരനായ ശിവശങ്കർ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ്. സംസ്ഥാന സർക്കാരിന് അന്വേഷണമില്ലാതെ ചെയ്യാവുന്നത് സ്ഥലം മാറ്റവും പരമാവധി സസ്പെൻഷനുമാണ്.

കള്ളക്കടത്ത് കേസിൽ ശിവശങ്കറിന് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികളൊന്നും സർക്കാരിനെ അറിയിച്ചിട്ടില്ല. പ്രതി ചേർക്കുകയും ചെയ്തിട്ടില്ല. കസ്റ്റംസ് ആവശ്യപ്പെടാത്തതിനാലാണ് സ്വപ്നയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത്. സഹായമാവശ്യപ്പെട്ട ജൂലായ് 11ന് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചു. കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രതികളെ രക്ഷിക്കാൻ വിളിച്ചുവെന്ന് ബി.ജെ.പി പ്രസിഡന്റ് പറഞ്ഞത് കോൺഗ്രസും പ്രചരിപ്പിച്ചു. കള്ളക്കടത്ത് കണ്ടുപിടിക്കേണ്ടത് കേന്ദ്ര ഉത്തരവാദിത്വമാണെന്നും ലഘുലേഖ വിശദീകരിക്കുന്നു.