ഒന്നിച്ച് സ്വതന്ത്ര്യം പ്രഖ്യാപിച്ചിട്ടും പാകിസ്ഥാൻ എങ്ങനെ ഒരു ദിവസം മുന്നിലെത്തി!!; കാരണം ദാ ഇതൊക്കെയാണ്
ന്യൂഡൽഹി: നാളെ രാജ്യം 74ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷുകാർ പാസാക്കിയ ഇന്ത്യൻ സ്വാതന്ത്ര്യ ആക്ട് 1947 അനുസരിച്ചാണ് അഖണ്ഡഭാരതം ഇന്ത്യയും പാകിസ്ഥാനുമായി മുറിച്ചു മാറ്റപ്പെട്ടത്. മുസ്ളിം രാജ്യം വേണമെന്ന മുഹമ്മദലി ജിന്നയുടെ നിർബന്ധബുദ്ധി തന്നെയാണ് ഇതിന് കാരണമായതെന്നത് ചരിത്രം. 1947ൽ ആഗസ്‌റ്റ് 15ന് തന്നെയായിരുന്നു ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനം. സ്വാതന്ത്ര്യ ആക്‌ടിലും അങ്ങനെതന്നെയാണ് പരാമർശിച്ചിരിക്കുന്നതും. പാകിസ്ഥാൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ റേഡിയോ സന്ദേശത്തിലും ആഗസ്‌റ്റ് 15 തന്നെയാണ് സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്.
റംസാൻ മാസത്തിലെ അവസാന വെളളിയാഴ്‌ചയായിരുന്നു പാകിസ്ഥാനിലെ ആദ്യ സ്വാതന്ത്ര്യദിനം. അതിനാൽ പാകിസ്ഥാനിലെ ജനങ്ങൾ വലിയ ആഘോഷത്തിലായിരുന്നു അന്ന്. 1948 ജൂലായ് വരെ സ്വാതന്ത്ര്യദിനം ആഗസ്‌റ്റ് 15എന്ന് തന്നെയാണ് പാക് സർക്കാരും കരുതിയത്. എന്തുകൊണ്ട് ആഗസ്‌റ്റ് 14 സ്വാതന്ത്ര്യദിനമായി പാകിസ്ഥാൻ പ്രഖ്യാപിച്ചു എന്നതിന് വ്യക്തമായ ഉത്തരമില്ല. എന്നാലും ഇനി പറയുന്നവയാകാം അതിന് കാരണമായി കരുതപ്പെടുന്നത്.
അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഗവർണർ ജനറലായ മൗണ്ട് ബാറ്റനോട് 1948 ജൂണിന് മുൻപ് അധികാരം പൂർണമായും ഇന്ത്യക്കും പാകിസ്ഥാനും നൽകാൻ ബ്രിട്ടീഷ് സർക്കാർ അറിയിച്ചിരുന്നു. അത്പ്രകാരം ആഗസ്‌റ്റ് 13ന് മൗണ്ട് ബാറ്റൺ കറാച്ചിയിലെത്തി. 14ന് കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ളിയിൽ പാകിസ്ഥാൻ പിറ്റേന്ന് സ്വാതന്ത്ര്യം നേടുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ആഗസ്‌റ്റ് 14ന് ഇത് പ്രഖ്യാപിച്ചതിനാൽ അന്ന് സ്വാതന്ത്ര്യദിനമായി സർക്കാർ ആഘോഷിച്ച് തുടങ്ങി എന്ന് കരുതുന്നു.
ഇന്ത്യയ്‌ക്ക് മുൻപ് തന്നെ തങ്ങൾക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കണം എന്ന് 1948 ജൂൺ അവസാനം ചേർന്ന പാകിസ്ഥാനിലെ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാൻ ഈ ആവശ്യം അംഗീകരിച്ച് ഗവർണർ ജനറലായ മുഹമ്മദ് അലി ജിന്നയ്‌ക്ക് ശുപാർശ നൽകി. ജിന്ന അംഗീകരിച്ചതോടെ ആഗസ്‌റ്റ് 14 സ്വാതന്ത്ര്യദിനമായി പാകിസ്ഥാൻ ആഘോഷിച്ചുതുടങ്ങി.