ശത്രു കണ്ണിൽപ്പെട്ടാൽ ഒറ്റയടിക്ക് തരിപ്പണമാകും, പ്രധാനമന്ത്രിക്ക് ചെങ്കോട്ടയിൽ സുരക്ഷയൊരുക്കിയത് ഡി ആർ ഡി ഒയുടെ ആന്റി ഡ്രോൺ സിസ്റ്റം

Saturday 15 August 2020 11:59 AM IST

ന്യൂഡൽഹി: 74ാമത് സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ സുരക്ഷയ്ക്കായി കാവൽ നിന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ. ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഓർഗനെെസേഷൻ(ഡി ആർ ഡി ഒ) വികസിപ്പിച്ചെടുത്ത ആന്റി ഡ്രോൺ സംവിധാനം ചെങ്കോട്ടയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു.

ആന്റിഡ്രോൺ സിസ്റ്റത്തിന് മൂന്ന് കിലോമീറ്റർവരെ മെെക്രോഡ്രോണുകളെ നിരീക്ഷിക്കാനാകും. ലേസർ ഉപയോഗിച്ച് 2.5 കിലോമീറ്റർ നിന്നുവരെ ഇത്തരം ഡ്രോണുകളെ പ്രവ‌ർത്തനരഹിതമാക്കാം. കൂടാതെ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാൻ വാന്റേജ് പോയിന്റുകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവും സ്ഥാപിച്ചിരുന്നു. കൊവിഡ് കണക്കിലെടുത്ത് എല്ലാ മാർഗ നിർദേശങ്ങളും കർശനമായി നടപ്പാക്കിയതായി പൊലീസ് പറഞ്ഞു.

ഇതിനുപുറമെ ഡൽഹി പൊലീസ് കേന്ദ്രഭരണ പ്രദേശങ്ങളുമായും മറ്റ് സംസ്ഥാനങ്ങളിലെയും ചടങ്ങുകൾ ഏകോപിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ ,പഞ്ചാബ്, കാശ്മീർ, മദ്ധ്യപ്രദേശ്, ബിഹാർ ഇവിടങ്ങളിലും സുരക്ഷാ നടപടികൾ കെെക്കൊണ്ടു.

രാജ്യത്തിന്റെ പരമാധികാരം ചോദ്യംചെയ്യപ്പെട്ടപ്പോഴൊക്കെ സൈന്യം അതിന് ഉചിതമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്രദിന പ്രസംഗത്തിൽ വ്യക്തമാക്കി. എല്‍.എ.സി( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) മുതല്‍ എല്‍.ഒ.സി ( ലൈന്‍ ഓഫ് കണ്‍ട്രോള്‍) വരെയുള്ള ഇടങ്ങളില്‍ രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ തിരിഞ്ഞവര്‍ക്ക് സൈന്യം അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ഉചിതമായി തന്നെ മറുപടി നല്‍കിയതായും അദ്ദേഹം പറഞ്ഞു.