പാകിസ്ഥാന് പുതിയ തലവേദനയുമായി മൂന്ന് ഭീകര സംഘടനകൾ ഒന്നിക്കുന്നു
ഇസ്ലാമബാദ്: പാകിസ്ഥാനെ വെട്ടിലാക്കി കൊണ്ട് മൂന്ന് ഭീകര സംഘടനകൾ ലയിച്ച് ഒന്നാകാൻ തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തെഹ്‌രിക് ഇ താലിബാൻ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാനിലെ ജമാഅത്തുൾ അഹ്‌റർ, ഹിസ്ബുൾ അഹ്‌റർ എന്നീ സംഘടനകളാണ് ഒന്നാകുന്നത്. ഏഴ് മാസം നീണ്ട ചർച്ചകൾക്കു ശേഷമാണ് മൂന്ന് സംഘടനകളും ഒന്നിക്കാൻ തീരുമാനിച്ചത്. പാക് സൈന്യത്തിന് എന്നും തലവേദന സൃഷ്ടിക്കുന്ന ഭീകരവാദ സംഘടനയാണ് തെഹ്‌രിക് ഇ താലിബാൻ. മറ്റു രണ്ടു സംഘടനകൾ കൂടി ചേരുമ്പോൾ തങ്ങളുടെ തലവേദന കൂടുമെന്നാണ് പാകിസ്ഥാൻ പറയുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിലെ പക്തിയ, കുനാർ മേഖലകളിലായി നടന്ന ചർച്ചകൾക്കൊടുവിൽ സംയുക്ത ഭീകര സംഘടനയുടെ തലവനായി തെഹ്‌രിക് ഇ താലിബാൻ മേധാവി മുഫ്തി നൂർ വാലിയെ തിരഞ്ഞെടുത്തു.ജമാ അത്തുൾ അഹ്‌ററിന്റെ നേതാവായ ഇക്രം തുറാബി ഉപദേശക സമിതിയായ അമരി ശൂറയുടെ തലവനുമാകും. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തെഹ്‌രിക് ഇ താലിബാൻ രൂപീകരിച്ച റാബറി ശൂറ എന്ന സമിതിയാകും.
അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനും പാകിസ്ഥാനിൽ നിന്ന് ഭീകരരെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനും ഈ ലയനം വലിയ വെല്ലുവിളി സൃഷ്ടിക്കും. പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള ഈ മൂന്ന് സംഘടനകളും തമ്മിൽ ലയിച്ചതിന് പിന്നിൽ മറ്റു രാജ്യങ്ങളുടെ പങ്ക് പാകിസ്ഥാൻ സംശയിക്കുന്നുണ്ട്. സുദീർഘമായ ചർച്ചകൾക്കും മറ്റും അവസരമൊരുക്കി കൊടുത്തത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ആണെന്നും പാകിസ്ഥാൻ വിശ്വസിക്കുന്നുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.