അവർ ജോലി ചെയ്തിരുന്നെങ്കിൽ ഞാൻ പ്രസിഡന്റാവില്ലായിരുന്നു

Friday 21 August 2020 12:12 AM IST

വാഷിംഗ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും തങ്ങളുടെ പദവിക്കനുസരിച്ചുള്ള ജോലി കൃത്യമായി നിർവഹിച്ചിരുന്നെങ്കിൽ താൻ ഒരിക്കലും യു.എസ് പ്രസിഡന്റാകില്ലായിരുന്നുവെന്ന് പറഞ്ഞ് ഡൊണാൾഡ് ട്രംപ്. അവർ തങ്ങളുടെ ജോലിയിൽ വരുത്തിയ വീഴ്ച ജനങ്ങൾ മനസിലാക്കിയതു കൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ എനിക്കു അനുകൂലമായി വോട്ട് ചെയ്തതെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം യു.എസ് ഡെമോക്രാറ്റിക് കൺവെൻഷനിൽ ഒബാമ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ട്രംപ് ഇതു പറഞ്ഞത്. ജോ ബൈഡന്റെ തിരഞ്ഞടുപ്പ് പ്രചാരണ പരിപാടികളിൽ മിഷേൽ ഒബാമയും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലരി ക്ളിന്റനുമെല്ലാം ട്രംപിനെ കടന്നാക്രമിച്ചിരുന്നു. രാജ്യം കണ്ടതിൽഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപെന്നാണ് ഇവർ വിമർശിച്ചത്.