മാദ്ധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായ മൂടിക്കെട്ടാമെന്ന് കരുതേണ്ട: ചെന്നിത്തല

Friday 21 August 2020 12:38 AM IST

തിരുവനന്തപുരം: 'ഫാക്ട് ചെക്ക്" എന്ന പേരിൽ മാദ്ധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായ മൂടിക്കെട്ടാമെന്ന് പിണറായി സർക്കാർ കരുതേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ നിമിഷങ്ങൾക്കകം കേസെടുക്കുകയും സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സസ്‌പെൻഡ് ചെയ്യുകയുമാണ്. പ്രതിപക്ഷനേതാക്കൾക്കും മാദ്ധ്യമങ്ങൾക്കുമെതിരായ സി.പി.എം സൈബർ ഗുണ്ടകളുടെ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടന്ന രാജീവ്ഗാന്ധി ജന്മവാർഷിക സമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അസഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രി കാണുന്നത്. മാദ്ധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തെ ശക്തമായി നേരിടും. കേന്ദ്രത്തിൽ പി.ഐ.ബിയെ ഉപയോഗിച്ചാണ് ഫാക്ട് ചെക്ക് ആരംഭിച്ചതെങ്കിൽ പിണറായി സർക്കാർ പി.ആർ.ഡിയെ ഉപയോഗിച്ച് സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണ്. ശരിയായ വാർത്ത നൽകുന്ന മാദ്ധ്യമപ്രവർത്തകരെ ചാപ്പകുത്തി അപകീർത്തിപ്പെടുത്താൻ 13 ലക്ഷം രൂപ മുടക്കി പിൻവാതിൽ നിയമനം നടത്തിയത് ജനാധിപത്യ സർക്കാരിന് ചേർന്നതാണോ എന്ന് മുഖ്യമന്ത്രി ആലോചിക്കണം. ഇന്ത്യ ഇന്നു കാണുന്ന ടെക്‌നോളജി വിപ്ലവത്തിന്റെ ഉപജ്ഞാതാവ് രാജീവ് ഗാന്ധിയാണ്. കൊവിഡ് മഹാമാരി നേരിടുന്നതിന് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.