മലയാളം സർവകലാശാല ഭൂമി തട്ടിപ്പിലും മന്ത്രി ജലീലിന് പങ്കെന്ന് യൂത്ത്‌ ലീഗ്

Friday 21 August 2020 12:40 AM IST

കോഴിക്കോട് : തിരൂരിലെ മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നെന്നും ഇതിൽ മന്ത്രി കെ.ടി. ജലീലിന് പങ്കുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ അരോപിച്ചു. സി.പി.എം നേതൃത്വത്തിനുമുണ്ട് അഴിമതിയിൽ പങ്കാളിത്തം.

ഈ ഭൂമി തീരദേശ നിയന്ത്രണ മേഖലയിൽ പെട്ടതാണെന്നും ഒരു തരത്തിലുള്ള നിർമ്മാണ പ്രവൃത്തിയും പാടില്ലെന്നും ഗ്രീൻ ട്രൈബ്യൂണൽ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടൽക്കാടുകൾ നിറഞ്ഞ് നിർമാണയോഗ്യമല്ലാത്ത ഭൂമി 16. 63 കോടി രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തത്. സെന്റിന് ഇരുപതിനായിരം രൂപ വരെ മാത്രം മതിപ്പുവിലയുള്ള ഇവിടെ ഒൻപത് കോടി അനുവദിച്ചു കഴിഞ്ഞു. ഈ തുക തിരിച്ചുപിടിക്കണം. താനൂർ എം.എൽ.എ വി. അബ്ദുറഹ്‌മാന്റെ ബന്ധുക്കളുടെയും തിരൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച ലില്ലീസ് ഗഫൂറിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ഭൂമി. ജലീൽ മന്ത്രിയായ ശേഷം സ്ഥലം എം.എൽ.എയുടെ എതിർപ്പ് കൂടി അവഗണിച്ചാണ് പണം അനുവദിച്ചത്. അഴിമതിയിൽ ഉടൻ അന്വേഷണം വേണം.