തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം ഉപേക്ഷിക്കണം: സർവകക്ഷി യോഗം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റർപ്രൈസസിനെ ഏൽപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാതീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ബി.ജെ.പി ഒഴിച്ചുള്ള കക്ഷികൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ബി.ജെ.പി എതിർത്തെങ്കിലും മറ്റ് കക്ഷികളെല്ലാം ഒറ്റക്കെട്ടായി വിഷയത്തിൽ മുന്നോട്ട് പോകാനാണ് ധാരണ. സർക്കാർ നിയമനടപടികൾ തുടരും.
പൊതുമേഖലയിൽ നിലനിന്നപ്പോൾ നൽകിയ സഹായ സഹകരണങ്ങൾ സംസ്ഥാനത്തിന്റെ എതിർപ്പവഗണിച്ച് സ്വകാര്യവത്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നു. നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ നിയമോപദേശം തേടും. എയർപോർട്ടിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിൽ നിക്ഷിപ്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ട് തവണയും പ്രധാനമന്ത്രിക്ക് മൂന്ന് വട്ടവും കത്തെഴുതി.
സംസ്ഥാന ചീഫ് സെക്രട്ടറി വ്യോമയാന സെക്രട്ടറിക്കെഴുതിയ കത്തിൽ, അദാനി എന്റർപ്രൈസസ് കൂടുതൽ തുക ക്വാട്ട് ചെയ്തതിനാൽ അതേ തുക ഓഫർ ചെയ്യാൻ സംസ്ഥാനം തയ്യാറാണെന്നറിയിച്ചിരുന്നു. സംസ്ഥാനം വിമാനത്താവള വികസനത്തിനായി നൽകിയ സംഭാവനകൾ പരിഗണിച്ച് വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് നൽകാമെന്ന് 2003ൽ വ്യോമയാന മന്ത്രാലയം ഉറപ്പു പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്. ഇതേ മാതൃകയിൽ കണ്ണൂരും നടത്തുന്നുണ്ട്. തിരുവനന്തപുരം ഏറ്റെടുക്കാൻ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് മുൻപരിചയമില്ല.
2005ൽ സംസ്ഥാനം എയർപോർട്ട് അതോട്ടി ഒഫ് ഇന്ത്യക്ക് 23.57 ഏക്കർ ഏറ്റെടുത്ത് സൗജന്യമായി നൽകിയിട്ടുണ്ട്. 18 ഏക്കർ ഭൂമി കൂടി ഏറ്റെടുത്ത് നൽകാൻ നടപടികളാരംഭിച്ചു. സൗജന്യമായി നൽകിയ ഭൂമിയുടെ വില എസ്.പി.വിയിൽ സംസ്ഥാന ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലായിരുന്നു ഇത്. മുൻ തിരുവിതാംകൂർ സംസ്ഥാനം നൽകിയ റോയൽ ഫ്ലയിംഗ് ക്ലബ്ബ് വക 258.06 ഏക്കർ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കർ വിസ്തൃതിയിലുൾപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ സർക്കാരെടുക്കുന്ന നടപടികൾക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പൂർണ പിന്തുണയറിയിച്ചു.
സംസ്ഥാനം സഹകരിക്കാതെ
മുന്നോട്ടുപോകാനാവില്ല
വിമാനത്താവളം സർക്കാരിന്റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര് വിമാനത്താവളം എടുത്താലും സംസ്ഥാന സർക്കാരിന്റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവർ വരുമെന്ന് തോന്നുന്നില്ല. സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കാമെന്ന് ഉന്നതതലത്തിൽ സംസാരിച്ചപ്പോൾ തന്ന വാക്കാണ് മറികടന്നത്. നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് സ്പീക്കറുമായും പ്രതിപക്ഷനേതാവുമായും ആലോചിച്ച് തീരുമാനിക്കും..
യോഗത്തിൽ പങ്കെടുത്തവർ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.വി. ഗോവിന്ദൻ (സി.പി.എം), തമ്പാനൂർ രവി (കോൺഗ്രസ് ), മന്ത്രി ഇ. ചന്ദ്രശേഖരൻ, സി. ദിവാകരൻ (സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്- എസ്), സി.കെ. നാണു (ജനതാദൾ- എസ്), പി.ജെ. ജോസഫ് (കേരള കോൺഗ്രസ്), ടി.പി. പീതാംബരൻ (എൻ.സി.പി), ഷെയ്ക് പി. ഹാരിസ് (ലോക് താന്ത്രിക് ജനതാദൾ), എ.എ.അസീസ് (ആർ.എസ്.പി), ജോർജ് കുര്യൻ (ബി.ജെ.പി), വി.എസ്. മനോജ്കുമാർ (കേരള കോൺഗ്രസ്-ജേക്കബ്), പി.സി. ജോർജ്.