വിമാനത്താവള കൈമാറ്റം പ്രതിരോധിക്കണം: വിജയരാഘവൻ

Friday 21 August 2020 12:55 AM IST

തിരുവനന്തപുരം: കേരളത്തിന്റെ എതിർപ്പും സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ബദൽ മാതൃകയും തള്ളി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വൻപ്രതിഷേധം ഉയർത്തണമെന്നും ശക്തമായ പ്രതിരോധം തീർക്കണമെന്നും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികാരം മനസ്സിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വിമാനത്താവള വിൽപ്പനയെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കോൺഗ്രസ് എം.പി ശശിതരൂരും രംഗത്തുവന്നത് അപഹാസ്യമാണ്.
രാജ്യത്ത് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിമാനത്താവളം ഏറ്റവും നല്ലനിലയിൽ നടത്തുന്നത് കേരളത്തിലാണ്. കേന്ദ്ര സർക്കാർ പൊതുസ്വത്ത് വിൽക്കുമ്പോൾ കേരളം അത് സംരക്ഷിച്ച് വികസനം നടപ്പാക്കുകയാണ്. ഈ മാതൃകയാണ് സർക്കാർ സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.