തർക്കങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ ഇന്ത്യാ-ചൈന നയതന്ത്രതല ധാരണ

Friday 21 August 2020 1:19 AM IST

ന്യൂഡൽഹി: വടക്കൻ ലഡാക് അതിർത്തിയിലെ സൈനിക പിൻമാറ്റ നടപടികൾ പുനഃരാരംഭിക്കാനും തർക്കങ്ങൾ പെട്ടെന്ന് പരിഹരിക്കാനും ഇന്നലെ നടന്ന ഇന്ത്യാ-ചൈന നയതന്ത്രതല ചർച്ചയിൽ ധാരണയായി. കഴിഞ്ഞ ഒരു മാസത്തിനിടെ സൈനിക പിൻമാറ്റ നടപടികൾ സ്‌തംഭിച്ച സാഹചര്യത്തിലും പ്രകോപനം ഒഴിവാക്കാനുമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഏകോപന, ഉപദേശക സമിതി ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ ചേർന്നത്.

ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം സൈനിക പിൻമാറ്റ നടപടികൾ പൂർത്തിയാക്കാൻ ധാരണയായെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു. നിലവിലുള്ള ധാരണകളും പ്രോട്ടോക്കോളുകളും പാലിച്ച് തർക്കങ്ങൾ പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ട്. സൈന്യങ്ങളുടെ പിൻമാറ്റത്തിന് നയതന്ത്ര-സൈനിക തലത്തിലെ ആശയവിനിമയം അനിവാര്യമാണ്. ഉഭയകക്ഷി ബന്ധം നിലനിറുത്താൻ അതിർത്തിയിൽ സമാധാനം പുലരേണ്ടതുണ്ടെന്നും ഇരുപക്ഷവും വിലയിരുത്തി.

ഒന്നാം ഘട്ടത്തിൽ ഗാൽവൻ താഴ്‌വരയിലും ഹോട്ട്സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിലും രണ്ടുകിലോമീറ്റർ വീതം ഇരുപക്ഷവും സൈന്യത്തെ പിൻവലിച്ചിരുന്നു. എന്നാൽ ഡെപസാംഗിലും പാംഗോംഗ് തടാകത്തിന് വടക്കും ചൈന സൈന്യത്തെ പിൻവലിക്കാൻ തയ്യാറാവാത്തതിനാൽ പിന്നീട് നടപടികളുണ്ടായില്ല. അതിനാൽ സൈനിക കമാൻഡർ തലത്തിലും നയതന്ത്ര തലത്തിലും നടക്കുന്ന ചർച്ചകളിൽ മാത്രമൊതുങ്ങുകയാണ് പിൻമാറ്റം.