ജോസ് കെ.മാണിയുടെ നിലപാട് നോക്കി തീരുമാനം :കോടിയേരി
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും ,നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയിലും യു.ഡി.എഫ് നിർദ്ദേശം ലംഘിച്ച് വിട്ടുനിന്ന കേരള കോൺഗ്രസ് - ജോസ് കെ.മാണി വിഭാഗത്തോട് എൽ.ഡി.എഫിന് വിപ്രതിപത്തിയില്ലെന്ന് സൂചിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ജോസ് വിഭാഗത്തിന്റേത് ശ്രദ്ധേയമായ രാഷ്ട്രീയ സംഭവവികാസമാണെന്നും,യു.ഡി.എഫ് വിട്ടുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എൽ.ഡി.എഫ് കൂട്ടായ തീരുമാനെടുക്കുമെന്നും സി.പി.എം മുഖപത്രത്തിലെ പ്രതിവാര ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി. യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാണത്. അതേസമയം, യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തിൽ എൽ.ഡി.എഫോ സി.പി.എമ്മോ കക്ഷിയാവില്ല.
യു.ഡി.എഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. സർക്കാരിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനുമായില്ല, കക്ഷത്തിലിരുന്നത് പോവുകയും ചെയ്ത ഗതികേടിലായി. കേരള കോൺഗ്രസ് എമ്മിലെ രണ്ട് എം.എൽ.എമാരുടെ അവിശ്വാസ പ്രകടനം യു.ഡി.എഫിലെ പ്രതിസന്ധി പുതിയൊരു തലത്തിലെത്തിച്ചു. ദേശീയതലത്തിൽ യു.പി.എയുടെ ഘടകകക്ഷിയാണ് ,രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരുന്നത്.
നിയമസഭയിൽ തോറ്റ പ്രതിപക്ഷം, സെക്രട്ടേറിയറ്റിലെ ഒരു സെക്‌ഷനിലുണ്ടായ ചെറിയ തീപിടിത്തത്തെ മഹാസംഭവമാക്കി വ്യാജകഥകളുമായി ഇറങ്ങി. ഇ-ഫയലിംഗ് സിസ്റ്റമായതിനാൽ ഫയലുകൾ നഷ്ടപ്പെടില്ലെന്ന് മനസ്സിലാക്കിയിട്ടും, കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന കോൺഗ്രസ്- ബി.ജെ.പി- മുസ്ലിംലീഗ് ഉൾപ്പെട്ട പ്രതിപക്ഷത്തിന്റെ മർമ്മത്തടിക്കുന്ന ജനവിധിയാവും തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാവുകയെന്നും കോടിയേരി പറഞ്ഞു.