സ്വർണക്കടത്ത് കേസിലെ ബന്ധം: ബി.ജെ.പി നിലപാട് തേടി സി.പി.എം

Saturday 29 August 2020 12:01 AM IST

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വർണ്ണക്കടത്ത് കേസിൽ പുറത്തുവന്നിട്ടുള്ള പാർട്ടി ബന്ധത്തിൽ നിലപാട് വ്യക്തമാക്കാൻ ബി.ജെ.പി നേതൃത്വത്തോട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ബി.ജെ.പി അനുകൂല ചാനലായ ജനം ടി.വിയുടെ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്. കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ നിർദ്ദേശിച്ചതായി മാദ്ധ്യമങ്ങൾ പുറത്തുവിട്ട പ്രതികളുടെ മൊഴിപ്പകർപ്പുകൾ വ്യക്തമാക്കുന്നു. കേസിന്റെ തുടക്കം മുതൽ ഇതേ നിലപാടാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളിധരനും സ്വീകരിച്ചത്.നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻ.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാൻ മുരളീധരൻ തയ്യാറായില്ല. പ്രതികൾക്ക് പരോക്ഷ നിർദ്ദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് മൊഴിപ്പകർപ്പുകൾ.
കേസിലെ പ്രധാന പ്രതി സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനാണ്. അനിൽ നമ്പ്യാരുടെ ബന്ധവും പുറത്തു വന്നതോടെ, നിലപാട് വ്യക്തമാക്കാതെ ബി.ജെ.പി നേതൃത്വത്തിന് കൈകഴുകാനാവില്ല.