ജോസിനെതിരെ നടപടി: ചെന്നിത്തല പാണക്കാട്ട്
Saturday 29 August 2020 12:12 AM IST
മലപ്പുറം: യു.ഡി.എഫ് വിപ്പ് ലംഘിച്ച കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിക്ക് പിന്തുണ തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാണക്കാട്ടെത്തി ലീഗ് നേതൃത്വവുമായി ചർച്ച നടത്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുന്നണിയിലെ തമ്മിലടി യു.ഡി.എഫിനുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സെപ്തംബർ മൂന്നിലെ യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. നിയമസഭയിലെ അവിശ്വാസ പ്രമേയത്തിൽ നിന്ന് ജോസ് വിഭാഗം വിട്ടുനിന്നതിൽ ലീഗിനും അതൃപ്തിയുണ്ട്. മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെയാണ് യു.ഡി.എഫ് നിയോഗിച്ചിരുന്നത്.