മുഖച്ഛായ മാറ്റി ലാലൂർ: അന്താരാഷ്ട്ര കായിക മേളകൾക്ക് വേദിയാകും

Saturday 29 August 2020 1:32 AM IST

തൃശൂർ: നഗരത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന ലാലൂർ സ്വന്തം മുഖച്ഛായ മാറ്റുകയാണ്. അന്താരാഷ്ട്ര കായിക മേളകൾക്ക് വേദിയൊരുക്കിയാണ് ലാലൂർ മുഖം മാറ്റുന്നത്. നൂറ് കോടി രൂപ ചെലവഴിച്ച് ലാലൂരിൽ ഐ.എം വിജയൻ്റെ പേരിൽ ഇന്റർ നാഷ്ണൽ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ലാലൂരിനെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് തൃശൂർ കോർപറേഷന്റെ സ്വപ്ന പദ്ധതിയായ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കുന്നത്.

സ്‌റ്റേഡിയം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുന്നതോടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഫുട്‌ബാൾ, ഇൻഡോർ ഗെയിംസ്, സ്വിമ്മിംഗ്, ഹോക്കി എന്നിങ്ങനെ പല വിഭാഗത്തിൽപ്പെട്ട ധാരാളം അന്താരാഷ്ട്ര കായിക മത്സരങ്ങൾ ഇവിടെ വന്നു ചേരും. ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ, സ്‌പോർട്‌സ് ഹോസ്പിറ്റൽ, ആയുർവേദ സ്പാ, വാക്കിംഗ് സ്ട്രീറ്റ്, സൈക്കിളിംഗ് ട്രാക്ക്, ബ്രാൻഡ് ഹോട്ടൽസ്, മൾട്ടിപ്ലക്‌സ് സിനിമാ തിയേറ്റർ അടക്കം ആധുനിക രീതിയിലുള്ള സംവിധാനങ്ങളോടെ സ്‌പോർട്‌സ് ടൗൺഷിപ്പ് നിർമ്മിക്കുന്നതിനാണ് കൗൺസിൽ യോഗത്തിന്റെ തീരുമാനം.