സൗന്ദര്യം നുകരാനാളില്ലെങ്കിലും അഴക് വിരിച്ച് ആമ്പൽപ്പൂക്കൾ

Wednesday 02 September 2020 12:37 AM IST

കോട്ടയം : കൊവിഡ് വ്യാപനത്തെ തുടർന്ന് സഞ്ചാരികളും സന്ദർശകരും ഇല്ലെങ്കിലും ആമ്പൽ പൂക്കൾ അഴക് വിരിച്ച് കാത്തിരിക്കുകയാണ്. കണ്ണെത്താദൂരത്തോളം ആമ്പൽ പടർന്നുകിടക്കുന്ന മലരിക്കലും, അമ്പാട്ടുകടവും തുടങ്ങിയ ഇടങ്ങളിൽ ഇപ്പോൾ ഒന്നോ രണ്ടോപേർ മാത്രമാണ് എത്തുന്നത്. ആമ്പൽപ്പൂ പാടങ്ങളെ ആശ്രയിച്ചുകഴിയുന്നവരും, ചെറുവള്ളങ്ങൾ ഉള്ളവരുമാണ് ഇതോടെ പ്രതിസന്ധിയിലായത്. സാധാരണ ആഗസ്റ്റ് മുതലാണ് സഞ്ചാരികൾ എത്തുന്നത്. ഒക്ടോബർ വരെ അത് തുടരും. എന്നാൽ ഇത്തവണ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. നാട്ടു സഞ്ചാരികൾ പോലും കുറവായി. മുൻവർഷങ്ങളിൽ ആമ്പൽ ഫെസ്റ്റ് നടത്തിയിരുന്നു. അന്യജില്ലകളിൽ നിന്ന് പോലും നൂറുകണക്കിന് പേരാണ് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയത്.

വിരിഞ്ഞു നില്ക്കുന്ന ആമ്പൽ പാടങ്ങളുടെ പുലർച്ചെ കാണുന്നതാണ് മനോഹര കാഴ്ച. ഇതിനായി ദിവസങ്ങൾക്ക് മുൻപ് എത്തി ബന്ധുവീടുകളിൽ തങ്ങിയിരുന്നവർ വരെയുണ്ടായിരുന്നു. വൻ ഗതാഗതക്കുരുക്കും ഇവിടെ അനുഭവപ്പെട്ടിരുന്നു.

വിവാഹ വീഡിയോ ലൊക്കേഷൻ

കല്യാണ വീഡിയോകൾ, ഫോട്ടോഷൂട്ടുകൾ, പരസ്യങ്ങൾ എന്നിവ ചെയ്യുന്നതിനായി ആമ്പൽപ്പാടം തിരഞ്ഞെടുത്തിരുന്നവർ നിരവധിയാണ്. ഇപ്പോഴും ഇതിനായി ചുരുക്കം ചിലർ എത്താറുണ്ട്.