രാജ്യത്തിന് ഒന്നാം പൗരൻ,​ കോൺഗ്രസിലെ നമ്പർ ടു

Wednesday 02 September 2020 12:00 AM IST

നിർണായക ഘട്ടത്തിൽ രാഷ്‌ട്രപതിപദം ഏറ്റെടുക്കേണ്ടി വന്നേതോടെ രാഷ്‌ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവച്ച പ്രണബ് മുഖർജി കോൺഗ്രസിന്റെ നല്ല കാലത്തും പ്രതിസന്ധികളിലും നേതൃത്വത്തിന് താങ്ങായി നിന്ന ട്രബിൾ ഷൂട്ടറും കൈവച്ച വകുപ്പുകളിലെല്ലാം കൈയ്യൊപ്പു ചാർത്തിയ മികച്ച ഭരണാധിപനും മികച്ച പാർലമെന്റേറിയനുമായിരുന്നു. കോൺഗ്രസ് നേതൃത്വം ഗാന്ധി കുടുംബത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങൾക്കിടെ പ്രധാനമന്ത്രിപദവും രാഷ്‌ട്രീയ ഭാവിയും നഷ്‌ടമായതിന്റെ കഥകളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്.

2012-2017 കാലത്ത് ഇന്ത്യയുടെ 13-ാം രാഷ്‌ട്രപതിയായിരുന്നെങ്കിലും മികച്ച രാഷ്‌ട്രീയ നേതാവ് എന്ന നിലയിൽ നൽകിയ സംഭാവനകളുടെ പേരിലാകും പ്രണബ് മുഖർജിയെ കാലം ഓർമ്മിക്കുക. പ്രണബിനെ വളർത്തിയെടുത്ത മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കാണ് അതിന്റെ എല്ലാ ക്രെഡിറ്റും. കോൺഗ്രസിൽ രാജീവ് ഗാന്ധിയുടെ കാലത്ത് കുറച്ചുകാലം വിട്ടുനിന്നെങ്കിലും അതിനു മുമ്പും പിൻപും പ്രണബ് കാഴ്‌വച്ച രാഷ്‌ട്രീയ തന്ത്രജ്ഞത ഒരു റഫറൻസ് ഗ്രന്ഥത്തിനു സമാനമാണ്.

തന്ത്രജ്ഞനായ

ഫ്ളോർ മാനേജർ

സി.പി.എം പിന്തുണ പിൻവലിക്കാനിടയായ വിവാദ ആണവ കരാർ ഒപ്പിടൽ മുതൽ

നിർണായക പേന്റന്റ് ഭേദഗതി നിയമം അടക്കമുള്ള ബില്ലുകൾ സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്ന് പാസാക്കിയെടുക്കാനും യു.പി.എ സർക്കാരിനെ സഹായിച്ചത് മികച്ച 'ഫ്ളോർ മാനേജർ' ആയിരുന്ന പ്രണബ് മുഖർജിയുടെ മിടുക്കാണ്. 2012 ജൂലായിൽ രാഷ്‌ട്രപതിയാകുന്നതിന് തൊട്ടു മുൻപു വരെ പാർട്ടി നേരിടുന്ന കുരുക്കളഴിക്കാനുള്ള ദൗത്യം നിർവ്വഹിച്ചത് അദ്ദേഹമായിരുന്നു.

ബംഗാളിലെ ബിർഭൂമിൽ പരമ്പരാഗത കോൺഗ്രസ് കുടുംബത്തിലായിരുന്നു ജനനം. രാഷ്‌ട്രമീമാംസയിലും ചരിത്രത്തിലും എം.എ ബിരുദവും നിയമബിരുദവും നേടി തപാൽ വകുപ്പിൽ ക്ളർക്കായി ഔദ്യോഗിക ജീവിതാരംഭം. കൊൽക്കത്ത വിദ്യാനഗർ കോളേജിൽ അദ്ധ്യാപകനായും കുറച്ചുകാലം പത്രപ്രവർത്തകനായും ജോലി ചെയ്‌ത പ്രണബിന്റെ ശിരോലിഖിതം മാറ്റിയെഴുതിയത് 1969ൽ മിഡ്‌നാപൂർ ഉപതിരഞ്ഞെടുപ്പിൽ മലയാളിയും മുൻ പ്രതിരോധ മന്ത്രിയുമായ വി.കെ. കൃഷ്‌ണമേനോനു വേണ്ടി നടത്തിയ പ്രചരണമാണ്.

മേക്കിംഗ് ഒഫ്

ദ ലീഡർ

നന്നായി പ്രസംഗിക്കുന്ന, ഓടി നടന്നു പ്രവർത്തിക്കുന്ന ചെറുപ്പക്കാരനിൽ ഭാവി നേതാവിനെ കണ്ട ഇന്ദിരാഗാന്ധി കൈയോടെ പാർട്ടിയിൽ ചേർത്തു. ചുരുങ്ങിയ കാലം കൊണ്ട് ഇന്ദിരാഗാന്ധിയുടെ വലം കൈയായി മാറിയ പ്രണബിന്റെ വളർച്ചയും പെട്ടെന്നായിരുന്നു. 1969ൽ രാജ്യസഭാംഗം. 1973ൽ ഇന്ദിരയുടെ മന്തിസഭയിൽ വ്യാവസായിക വികസന മന്ത്രി.

അടിയന്തരാവസ്ഥക്കാലത്തെ അധികാര ദുർവിനിയോഗ കഥകളിൽ ഇന്ദിരയ്‌ക്കൊപ്പം വിശ്വസ്‌തനായ പ്രണബ് മുഖർജിയുടെ പേരുമുയർന്നിരുന്നു. പിന്നീട് ഇന്ദിരയ്‌ക്കൊപ്പം പ്രണബും ശക്തമായി തിരിച്ചു വന്നു. ഇന്ദിരയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗങ്ങൾ കൂടാനുള്ള അധികാരം പ്രണബിന് നൽകിയിരുന്നു. പാർട്ടി നേതാവെന്ന നിലയിൽ പാർലമെന്റിൽ ഇന്ദിരയുടെ ജിഹ്വയായി.

അകലത്തിന്റെ

ബംഗാൾ കാലം

1984ൽ ഇന്ദിര വധിക്കപ്പെട്ടത് വൻ തിരിച്ചടിയായി. മുതിർന്ന മന്ത്രിയെന്ന നിലയിൽ ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ രാജീവ് ഗാന്ധി പാർട്ടിയുടെയും സർക്കാരിന്റെയും നേതൃത്വം ഏറ്റെടുത്തു. രാജീവുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയാതിരുന്ന പ്രണബ്, മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. ശേഷം പശ്‌ചിമ ബംഗാളിൽ പാർട്ടി ചുമതല. . 1986ൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക്. രാഷ്‌ട്രീയ സമാജ്‌വാദി കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കിയെങ്കിലും പശ്‌ചിമബംഗാൾ തിരഞ്ഞെടുപ്പിൽ കടുത്ത പരാജയം. പിന്നെ, തിരിച്ചുവരവിന് ശ്രമം തുടങ്ങി. രാജീവുമായുള്ള ഭിന്നതകൾ പറഞ്ഞു തീർത്ത് ഒടുവിൽ മടക്കം.

രാജീവിന്റെ മരണ ശേഷമാണ് പ്രണബ് രണ്ടാം വരവിൽ തിളങ്ങുന്നത്. പി.വി. നരസിംഹറാവു ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനും പിന്നീട് മന്ത്രിയുമാക്കി.1969 മുതൽ 1999 വരെ രാജ്യസഭാംഗമായിരുന്ന പ്രണബ് 2004ൽ ആദ്യമായി പശ്‌ചിമ ബംഗാളിലെ ജംഗിപൂരിൽ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു. ഇതിനിടെ സോണിയാ ഗാന്ധിയുമായി അടുപ്പമുണ്ടാക്കിയ പ്രണബ് അവരെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ മുൻകൈയെടുത്തു.

കപ്പിത്താന്റെ

ക‌‌ടൽജീവിതം

കോൺഗ്രസ് ഭരിച്ച 2004 മുതൽ 2014 വരെ നീണ്ട പത്തു വർഷം സർക്കാരിലും പാർട്ടിയിലും നിർണായക റോളിൽ തിളങ്ങി. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാണിജ്യം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. പ്രതിപക്ഷത്തെ അനുനയിപ്പിച്ച് പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ മുൻകൈയടുത്തു. അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം അടക്കമുള്ള പ്രക്ഷോഭങ്ങളിൽ സർക്കാരിനെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങി. തിരഞ്ഞെ‌ടുപ്പുകളിൽ പ്രചാരണ തന്ത്രങ്ങൾ രൂപീകരിക്കാനുള്ള സമിതികൾക്ക് നേതൃത്വം നൽകി. വിവിധ മന്ത്രിതല സമിതികളുടെ അദ്ധ്യക്ഷനായി. രാഷ്‌ട്രപതി സ്ഥാനാർത്ഥിയായതോടെ 2012 ജൂണിൽ രാജിവയ്‌ക്കും വരെ വിശ്രമമില്ലാത്ത രാഷ്‌ട്രീയ ജീവിതമായിരുന്നു പ്രണബിന്റേത്.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ പി.എ. സാംഗ്‌മ വെല്ലുവിളിയായില്ല. 2012 ജൂലായ് 25ന് ഇന്ത്യയുടെ 13-ാം രാഷ്‌ട്രപതിയായി ചുമതലയേറ്റു. രാഷ്‌ട്രപതിയായിരിക്കെയാണ് 2015 ആഗസ്‌റ്റിൽ ഭാര്യ സുവ്‌ര മുഖർജിയുടെ അന്ത്യം. മറ്റൊരു ആഗസ്‌റ്റിൽ പ്രണബും വിടവാങ്ങി. രാഷ്‌ട്രപതിയായി തുടരാനില്ലെന്നു വ്യക്തമാക്കിയ പ്രണബ് 2017ൽ രാഷ്‌ട്രപതി ഭവൻ പടിയിറങ്ങി. ഡൽഹിയിൽ മറ്റൊരു വസതിയിലായിരുന്നു താമസം. മകൻ അഭിജിത് മുഖർജിയും നർത്തകിയും മകളുമായ ശർമ്മിഷ്‌ഠയും കോൺഗ്രസിലൂടെ പ്രണബിന്റെ രാഷ്‌ട്രീയ പാരമ്പര്യം പിന്തുടരുന്നു.