ബയോ ഫ്‌ളോക്കിൽ വളരും അഴകേറും ചിത്രലാട മത്സ്യം

Tuesday 01 September 2020 11:44 PM IST
ബയോഫ്ളോക്ക് രീതിയിലൂടെ വളർത്തിയ ചിത്രലാട മത്സ്യം

മാഹി: മത്സ്യക്കൃഷിയെ ഏറ്റവും ലാഭകരമാക്കാൻ കഴിയുന്ന നൂതന രീതിയായ ബയോ ഫ്‌ളോക്കിനെ പരിചയപ്പെടുത്തി ചിത്രകാരനും ശില്പിയുമായ യുവാവ്. പന്തക്കൽ മാക്കുനിയിലെ ഓട്ടോ ഡ്രൈവർ കൂടിയായ സരീഷ് കുമാറാണ് ഉപ്പ് വെള്ളത്തിൽ വിജയകരമായി ബയോ ഫ്ളോക്ക് രീതിയിൽ മീൻകൃഷി നടത്തുന്നത്.

അമ്പത് ശതമാനം തീറ്റ ലാഭിക്കാൻ സാധിക്കുന്ന രീതിയാണിത്. വീട്ടമ്മമാർക്ക് പോലും മികച്ച പരിശീലനവും നല്ല മത്സ്യ കുഞ്ഞുങ്ങളെയും ലഭ്യമായാൽ എളുപ്പം ചെയ്യാവുന്ന ലാഭകരമായ നൂതനകൃഷിരീതിയാണ് ബയോ ഫ്‌ളോക്ക് തിലോപ്പിയയുടെ വിവിധ വിഭാഗങ്ങളിൽ പെടുന്ന മോണോ സെക്സ്തിലോഫിയ, ഗിഫ്റ്റ് തിലോഫിയ, ചിത്രലാട തുടങ്ങിയ വിഭാഗങ്ങൾ ഈ കൃഷിയ്ക്ക് അനുയോജ്യമാണ്. മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന തീറ്റകൾക്ക് പുറമെ പപ്പായ, ചേമ്പ്, മുരിങ്ങ തുടങ്ങിയവയുടെ ഇലകളും ഇവയ്ക്ക് ഇഷ്ടഭക്ഷണമാണ്. അടുക്കള വേസ്റ്റുകൾ നൽകിയാൽ രുചി വ്യത്യാസമുണ്ടാകുമെന്ന് സരീഷ് പറഞ്ഞു.മലയോര മേഖലയിലും ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലും വിജയകരമായി കൃഷി ചെയ്യാമെന്നതും ഈ കൃഷി രീതിയെ ജനകീയമാക്കുന്നു. മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്ന നല്ല ബാക്ടീരിയകളായ പ്രോ ബയോട്ടിക്ക് ഉപയോഗിച്ചുള്ള കൃഷിരീതി മത്സ്യങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും കൃത്രിമ കുളത്തിലെ ജല ശുദ്ധീകരണത്തിനും വഴിയൊരുക്കുന്നു. അത് വഴി ജല സംരക്ഷണവും സാധ്യമാകും.നല്ലയിനം മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ നാല് മാസം കൊണ്ട് കർഷകന് ലാഭകരമായി വിളവെടുക്കാം എന്നതാണ് പ്രത്യേകത.നാല് മീറ്റർ വിസ്താരവും ഒരു മീറ്റർ പൊക്കവും ഉള്ള കൂളത്തിൽ 13500 ലിറ്റർ വെള്ളം ഉണ്ടാവും . ആയിരം മുതൽ 1200 വരെ മത്സുങ്ങളെ വളർത്തുന്നതാണ് കർഷകർക്ക് നേട്ടം. 1200 ചിത്രലാട മത്സ്യ കുഞ്ഞുങ്ങളെയാണ് സരീഷ് കുമാർ കുളത്തിൽ നിക്ഷേപിച്ചത് .സർക്കാരിന്റെ സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കൂടുതൽ കർഷകരെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. നിലവിൽ പഞ്ചായത്തുകൾ ഇതിനോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണെന്നും സരീഷ് പറയുന്നു.അറിയപ്പെടുന്ന കലാകാരൻ കൂടിയായ സരീഷ് കുമാർ മാക്കുനി ബസാറിൽ റോഡരികിൽ നിർമ്മിച്ച ശ്രീ നാരായണഗുരുവിന്റെ പൂർണ്ണകായപ്രതിമ ചതയദിനത്തിൽ മാഹി എം.എൽ.എ ഡോ: വി.രാമചന്ദ്രൻ അനാച്ഛാദനം ചെയ്യും. ഗുരുവിന്റെ പന്തക്കൽ സന്ദർശനത്തിന്റെ സ്മരണക്കായാണ് ഈ പ്രതിമ നിർമ്മിച്ചത്.