'മോദി ഇഡ്‌ലിയും' സാമ്പാറും, നാലെണ്ണം പത്ത് രൂപ

Wednesday 02 September 2020 1:37 AM IST

പുത്തൻ സംരംഭവുമായി ബി.ജെ.പി. നേതാവ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഇഡ്‌ലിയും സാമ്പാറും പുറത്തിറക്കാനൊരുങ്ങി ബി.ജെ.പി. നേതാവ്. തമിഴ്‌നാട്ടിലെ ബിജെപിയുടെ പ്രചാരണ വിഭാഗം വൈസ് പ്രസിഡന്റ് മഹേഷാണ് സേലത്ത് രൂപയ്ക്ക് നാല് ഇഡ്‌ലിയും സാമ്പാറും പൊതുജനത്തിന് ലഭ്യമാക്കുന്ന പുതിയ സംരംഭം തുടങ്ങുന്നത്. സംരംഭവുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ മോദിയുടെ പടം വച്ചുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടത് സൈഡിൽ മോദിയും വലത് സൈഡിൽ മഹേഷും ഇടംപിടിച്ചിട്ടുള്ള പോസ്റ്ററുകൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ആധുനിക അടുക്കളയിൽ തയാറാക്കി കൂടുതൽ ആരോഗ്യപരവും രുചികരവുമായ ഇഡ്‌ലിയും സാമ്പാറും മോദി ഇഡ്‌ലിയിലൂടെ ഉടൻ ലഭ്യമാകുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. 22 കടകൾ ആദ്യ ഘട്ടത്തിൽ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയും അറിയിച്ചു. ദിവസം 40,000 ഇഡ്‌ലി തയാറാക്കാൻ കഴിയുന്ന മെഷിൻ എത്തിക്കഴിഞ്ഞെന്നും അടുത്ത ആഴ്ചയോടെ തുടങ്ങാനാവുമെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നാട് കൂടിയാണ് സേലം.