ആരവമൊഴിഞ്ഞ് കോളൂർ സ്റ്റേഡിയം
ആറ്റിങ്ങൽ: കായികമേഖലയെ ഉന്നതിയിലേക്ക് നയിക്കാൻ സർക്കാരുകൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും നാടിന്റെ പൊതുസ്വത്തായ ഒരു സ്റ്റേഡിയത്തിന് അവഗണന മാത്രം. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കോളൂർ സ്റ്രേഡിയമാണ് ആരവമൊഴിഞ്ഞ് അനാഥമായി കിടക്കുന്നത്. പുതിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിന് ഉതകുന്ന സ്റ്റേഡിയം വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. എന്നാൽ അടുത്തിടെ നാട്ടുകാരുടെ ശ്രമഫലമായി സ്റ്റേഡിയം വൃത്തിയാക്കി. എം.പി ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് കായിക താരങ്ങൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രവും നിർമ്മിച്ചു. എന്നാൽ വികസനത്തിന്റെ ഗ്രാഫ് ഇതോടെ അസ്തമിച്ചു. പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ സ്റ്റേഡിയം അനാഥമായി കിടക്കുകയാണ്. തെരുവ് നായ്ക്കൾക്ക് തമ്പടിക്കാനുള്ള ഒരു കേന്ദ്രം മാത്രമാണിന്നിവിടം. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലാണ് സ്റ്രേഡിയം സ്ഥിതിചെയ്യുന്നത്. നല്ലരീതിയിൽ വികസിപ്പിച്ചാൽ നിരവധി സ്കൂളുകളിൽ നിന്നുള്ള കായിക താരങ്ങൾക്ക് പരിശീലനം നൽകാൻ സാധിക്കും. ഈ ദീർഘവീക്ഷണത്തോടെയാണ് സ്റ്റേഡിയത്തിനായി ഒരേക്കർ പത്ത് സെന്റ് ഭൂമി വിട്ടുനൽകിയത്. എന്നാൽ കാലാനുസൃതമായ വികസനം നടക്കാത്തതാണ് തിരിച്ചടിയായത്.