പാരിപ്പള്ളി മെഡി. കോളേജ് ; അംഗീകാരം തുലാസിൽ
ഏറെ കാത്തിരിപ്പിനും രാഷ്ട്രീയ വിവാദങ്ങൾക്കും ഒടുവിലാണ് കൊല്ലം ജില്ലയ്ക്ക് ഒരു സർക്കാർ മെഡിക്കൽ കോളേജ് ലഭിച്ചത്. രണ്ട് സ്വകാര്യ മെഡിക്കൽ കോളേജുകളും നിരവധി സ്വകാര്യ ആശുപത്രികളുമുള്ള ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് വരാതിരിയ്ക്കാൻ വിയർപ്പൊഴുക്കിയത് സ്വകാര്യ മെഡിക്കൽ കോളേജ്, ആശുപത്രി ലോബിയാണ്. ജനറൽ ആശുപത്രിയില്ലാത്ത ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. ജില്ലാ ആശുപത്രി മെഡിക്കൽ കോളേജാക്കുകയോ അല്ലെങ്കിൽ നഗരമദ്ധ്യത്തുള്ള പാർവതി മില്ലിന്റെ വക 20 ഏക്കറോളം സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു കൊല്ലത്തെ പൊതുജനങ്ങളുടെ ആവശ്യം. അങ്ങനെയിരിയ്ക്കെയാണ് കൊല്ലം പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ പാരിപ്പള്ളിയിലെ ഇ.എസ്.ഐ കോർപ്പറേഷന്റെ മെഡിക്കൽ കോളേജ് കോർപ്പറേഷൻ കൈയൊഴിഞ്ഞത്. സംസ്ഥാന സർക്കാർ അത് ഏറ്റെടുത്തതോടെ സ്വകാര്യ മെഡിക്കൽ കോളേജ്, ആശുപത്രി ലോബികൾക്ക് ആശ്വാസമായി. നഗരമദ്ധ്യത്തിൽ സർക്കാർ മെഡിക്കൽ കോളേജ് വരില്ലല്ലോ എന്നതായിരുന്നു അവരുടെ ആശ്വാസം. പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ബാലാരിഷ്ടതകൾ ഇനിയും പിന്നിടാത്ത ഘട്ടത്തിൽ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം വീണ്ടും തുലാസിലായേക്കുമോ എന്നാണ് ഇപ്പോൾ ആശങ്ക ഉയരുന്നത്. 2016 ൽ പ്രവർത്തനം തുടങ്ങിയ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിർദ്ദിഷ്ട യോഗ്യതയുള്ള പൂർണ ചുമതലയുള്ള മെഡിക്കൽ സൂപ്രണ്ടിനെ ഇനിയും നിയമിച്ചിട്ടില്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിദഗ്ധസംഘം അടുത്തമാസം പരിശോധനകൾക്കായി എത്തുമ്പോൾ പൂർണ ചുമതലയുള്ള മെഡിക്കൽ സൂപ്രണ്ടിനെ നിയമിക്കാത്തതിൽ കൗൺസിൽ വിയോജിപ്പ് രേഖപ്പെടുത്തിയാൽ മെഡിക്കൽ കോളേജിന്റെ അംഗീകാരം തന്നെ നഷ്ടപ്പെട്ടേക്കും. കോളേജിന്റെ വെബ് സൈറ്റിൽ ഇപ്പോഴും സൂപ്രണ്ടിന്റെ പേരായി കാണിച്ചിട്ടുള്ള ഡോക്ടറല്ല സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നത്. നിർദ്ദിഷ്ട യോഗ്യതയില്ലാത്ത അസിസ്റ്റന്റ് പ്രൊഫസർക്കാണ് സൂപ്രണ്ടിന്റെ ചുമതല നൽകിയിട്ടുള്ളത്. മെഡിക്കൽ കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണിതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം സൂപ്രണ്ടായി നിയമിക്കപ്പെടുന്നയാൾ 10 വർഷത്തെ ഭരണപരിചയമുള്ള പ്രൊഫസറോ അസോസിയേറ്റ് പ്രൊഫസറോ ആയിരിക്കണം. എന്നാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നത് സർവീസിൽ ജൂനിയറായ അസി. പ്രൊഫസർ തസ്തികയിലുള്ള ഡെപ്യൂട്ടി സൂപ്രണ്ടാണ്. സൂപ്രണ്ടിനെ നിയമിക്കേണ്ടത് സർക്കാരാണെങ്കിലും ഡെപ്യൂട്ടി സൂപ്രണ്ടിന് സൂപ്രണ്ടിന്റെ ചുമതല നൽകിയതിനു പിന്നിൽ രാഷ്ട്രീയ സ്വാധീനമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കപ്പെടാൻ യോഗ്യതയുള്ളവർ മെഡിക്കൽ കോളേജിൽ തന്നെ ഉള്ളപ്പോൾ അതിനെ മറികടന്ന് യോഗ്യത കുറഞ്ഞയാളിന് സൂപ്രണ്ടിന്റെ ചുമതല നൽകിയത് ഈ ആരോപണം ശരിവയ്ക്കുന്നതാണ്. പൂർണ സമയ സൂപ്രണ്ട് ഇല്ലെങ്കിലും ഔദ്യോഗിക രേഖകളിൽ ഒപ്പുവയ്ക്കുന്നതും മറ്റും സൂപ്രണ്ടിന്റെ പേരിലാണെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ അത് സാങ്കേതിക പ്രശ്നങ്ങൾക്കും കാരണമായേക്കും. മെഡിക്കൽ കൗൺസിലിന്റെ സന്ദർശനം നടക്കാനിരിയ്ക്കെ മുഴുവൻ സമയ സൂപ്രണ്ടിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനും ആരോഗ്യവകുപ്പിനും കത്തെഴുതാനാണ് കോളേജ് അധികൃതരുടെ തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ടിന് സൂപ്രണ്ടിന്റെ പൂർണ ചുമതല നൽകി ഉത്തരവിട്ടത് പ്രിൻസിപ്പലാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയോ ആരോഗ്യവകുപ്പിന്റെയോ രേഖാമൂലമുള്ള ഉത്തരവില്ലാതെയായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. കോളേജിൽ തന്നെയുള്ള യോഗ്യതയുള്ളവരെ ഒഴിവാക്കിയതിനെതിരെ ഡോക്ടർമാർക്കിടയിലും അസംതൃപ്തിയുള്ളതായാണ് സൂചന.
അതേസമയം ആശുപത്രിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആർക്കും കാര്യമായ പരാതിയില്ലെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് കൊവിഡ് 19 റിപ്പോർട്ട് ചെയ്ത് തുടങ്ങിയപ്പോൾതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിനെ ജില്ലയിലെ കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നു. രോഗികളുടെ എണ്ണം പെരുകിയിട്ടും ഇവിടത്തെ ചികിത്സയുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ഉയർന്നിട്ടില്ല. സൂപ്രണ്ട് തസ്തികയിലേക്ക് മുമ്പ് പലതവണ അപേക്ഷ ക്ഷണിച്ചിട്ടും ആരും താത്പര്യപ്പെട്ട് മുന്നോട്ട് വന്നിരുന്നില്ല. അതിനാലാകാം തനിയ്ക്ക് അധിക ചുമതല നൽകിയതെന്നാണ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഹബീബ് നസിം പറയുന്നത്. ഡെപ്യൂട്ടി സൂപ്രണ്ടായ തനിയ്ക്ക് മെഡിക്കൽ സൂപ്രണ്ടിന്റെ അധിക ചുമതല മാത്രമേയുള്ളൂ. കോളേജ് വെബ്സൈറ്റിൽ പറയുന്ന ഡോക്ടർക്ക് അക്കാഡമിക് സൂപ്രണ്ടിന്റെ ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇ.എസ്.ഐ
കൈയൊഴിഞ്ഞ
മെഡി. കോളേജ്
ഇ.എസ്.ഐ കോർപ്പറേഷന്റെ വകയായിരുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജ് കേന്ദ്ര സർക്കാരിന്റെ നയം മൂലമാണ് 2014 ൽ കോർപ്പറേഷന് കൈയൊഴിയേണ്ടി വന്നത്. കൂടുതൽ മെഡിക്കൽ കോളേജുകൾ ഏറ്റെടുത്ത് ഇ.എസ്.ഐ കോർപ്പറേഷൻ അധികബാദ്ധ്യത ഏറ്റെടുക്കേണ്ടെന്ന് തീരുമാനിക്കുകയയായിരുന്നു. അല്ലായിരുന്നെങ്കിൽ ഇന്ന് പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജ് രാജ്യത്തെ തന്നെ മികച്ച മെഡിക്കൽ കോളേജാകുമായിരുന്നു. ലക്ഷക്കണക്കിന് പാവപ്പെട്ട തൊഴിലാളികൾക്കാണ് ഇത് കനത്ത ആഘാതമായത്. 480 കോടി രൂപയോളം മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ നിരവധി കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഇ.എസ്.ഐ കോർപ്പറേഷൻ സജ്ജമാക്കിയിരുന്നു. പാരിപ്പള്ളി പാമ്പുറത്ത് 100 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന മെഡിക്കൽ കോളേജിനെ 2013 ൽ സംസ്ഥാനസർക്കാർ ഏറ്റെടുക്കുകയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തെങ്കിലും സാങ്കേതിക വാദങ്ങളിൽ കുടുങ്ങി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനായില്ല. തുടർന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അടക്കം പാർലമെന്റിൽ ശക്തമായ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും മറ്റും ലഭിച്ചത്. തുടർന്ന് 2016 ആഗസ്റ്റ് 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ മെജിക്കൽ കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2016- 17 ലാണ് എം.ബി.ബി.എസ് ആദ്യ ബാച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. 100 സീറ്റാണുള്ളത്. ഒരു നിശ്ചിത ശതമാനം സീറ്റുകൾ ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ മക്കൾക്കായി നീക്കി വച്ചിട്ടുണ്ട്.