വിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികൾ ഒളിവിൽ
ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർക്ക് ഗുരുതര പരിക്ക്
കൊല്ലം: പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികളെ പിടികൂടാനായില്ല. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വി. അനൂപിനെ ആക്രമിച്ച് രക്ഷപ്പെട്ട കല്ലുവാതുക്കൽ പുലിക്കുഴി ചരുവിള വീട്ടിൽ ജിത്തു (കുട്ടൻ 24), പ്രദേശവാസികളായ മനു (26), ചിന്നുക്കുട്ടൻ (20) എന്നിവരാണ് ഒളിവിൽ കഴിയുന്നത്.
ഉത്രാട ദിവസം രാത്രി 11ഓടെ പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പുഴ യക്ഷിക്കാവ് കോളനിയിൽ നിന്ന് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുക്കുമ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണമുണ്ടായത്. പതിനാല് വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസിൽ പ്രതികളായ മൂവരും യക്ഷിക്കാവിന് സമീപം ഒളിവിൽ കഴിയുന്നുണ്ടെന്ന് അറിഞ്ഞാണ് പാരിപ്പള്ളി എസ്.ഐ നൗഫലും നാല് പൊലീസ് ഉദ്യോഗസ്ഥരുമെത്തിയത്.
ഒരു വീടിന്റെ മുറ്റത്ത് പായ വിരിച്ച് കിടക്കുകയായിരുന്ന പ്രതികളെ അഞ്ചംഗ പൊലീസ് സംഘം വളഞ്ഞുവച്ചു. ചിന്നുക്കുട്ടൻ, മനു എന്നിവരെ ഒരു വിലങ്ങിലാണ് ബന്ധിച്ചത്. ജിത്തുവിനെ വിലങ്ങുവയ്ക്കാൻ ശ്രമിക്കുന്നതിനിടെ തള്ളിമാറ്റി ഓടി. പിന്നാലെ ഓടിയ പൊലീസ് ഉദ്യോഗസ്ഥനായ അനൂപ് പിടികൂടും എന്ന ഘട്ടമെത്തിയപ്പോഴാണ് വഴിയിലെ കുഴിയിലേക്ക് തള്ളിയിട്ടത്. ബഹളം കേട്ട് നാട്ടുകാർ കൂടിയ തക്കം മുതലെടുത്ത് ചിന്നുക്കുട്ടനും മനുലും കൈവിലങ്ങുമായി ഇരുട്ടിലേക്ക് മറഞ്ഞു. കുഴിയിലേക്കുള്ള വീഴ്ചയിൽ അനൂപിന്റെ നട്ടെല്ലിന് സാരമായി പരിക്കേറ്റതിനൊപ്പം കൈകളും ഒടിഞ്ഞു. പരിക്ക് ഗുരുതര സ്വഭാവമുള്ളതായതിനാൽ അനൂപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ് അനൂപ്.
പ്രതികൾ സ്ഥിരം ക്രിമിനലുകൾ
പതിനാല് വയസുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാക്കളായ പ്രതികൾ സ്ഥിരം ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്നവരാണെന്ന് പൊലീസ്. ഒരാഴ്‌ച മുമ്പ് നടന്ന വീടാക്രമണം ഉൾപ്പെടെ പത്തിലേറെ കേസുകളിൽ ജിത്തു, മനു, ചിന്നുക്കുട്ടൻ എന്നിവർ പ്രതികളാണ്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കസ്റ്റഡിയിൽ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ടതിനും പ്രതികൾക്കെതിരെ പരവൂർ പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തു. ഇവരെ കണ്ടെത്താൻ പരവൂർ, പാരിപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേക അന്വേഷണം നടത്തുകയാണ്.