മൂന്നര കിലോ കഞ്ചാവുമായി പിടിയിലായി

Thursday 03 September 2020 6:58 AM IST

കൂത്തുപറമ്പ്: എക്സൈസ് സംഘം ചാലോട് നടത്തിയ റെയ്ഡിൽ വിൽപ്പനക്കായി എത്തിച്ച മൂന്നരക്കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉളിയിലെ നസീമ മൻസിലിൽ മുഹമ്മദ് മുസ്താഖി (24) നെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂട്ടുപുഴ മുതൻ കണ്ണൂർ വരെയുള്ള ഭാഗങ്ങളിലെ ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെയാണ് അറസ്റ്റുചെയ്തതെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് കമ്മിഷണർ സ്ക്വാഡിന്റെ ചുമതലയുള്ള കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചാലോട് നിന്ന് പ്രതിയെ പിടികൂടിയത്. ആഴ്ച്ചകളോളം നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഇരിട്ടി - ഉളിയിൽ ഭാഗത്തെ പ്രധാന കഞ്ചാവ് വിൽപ്പനക്കാരെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗം പി. ജലീഷ്, ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗം കെ. ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ യു. സ്മിനീഷ്, പി.ടി സജിത്ത്, കെ. നിവിൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് വിൽപ്പനയ്ക്കെതിരെ ശക്തമായനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു. മട്ടന്നൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.