എനിക്ക് ഹൃദ്രോഗമില്ല: ട്രംപ്

Thursday 03 September 2020 12:11 AM IST

വാഷിംഗ്ടൺ: തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് താൻ ആശുപത്രിയിലായെന്നാണ് പ്രതിപക്ഷ പാർട്ടി പ്രചരിപ്പിക്കുന്നതെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

'ആ വാർത്ത വ്യാജമാണ് നിങ്ങളുടെ പ്രിയ പ്രസിഡന്റായ ഞാൻ ഒരു ഹൃദ്രോഗിയാണെന്ന് വരുത്തിത്തീർക്കാനാണ് അവരുടെ ശ്രമം. എന്റെ പാർട്ടി പകരം സ്ഥാനാർത്ഥിയെ തേടുന്നു എന്നുവരെ അവർ പറയുന്നു. ഒന്നും എന്റെ ജനങ്ങൾ വിശ്വസിക്കരുത്."- ട്രംപ് പറഞ്ഞു. ട്രംപിന് ഹൃദയാഘാതം വന്നെന്ന വാർത്ത തെറ്റാണെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ട്രംപിന്റെ ഡോക്ടർ കോൺലിയും അറിയിച്ചു. പതിവ് ആരോഗ്യ പരിശോധനകൾക്ക് വേണ്ടിയാണ് ട്രംപ് കഴിഞ്ഞ നവംബറിൽ വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെത്തിയതെന്നാണ് ഡോ. കോൺലി നൽകുന്ന വിശദീകരണം.