അവർ മുസ്ലീം ലോകത്തെ വഞ്ചിച്ചുവെന്ന് ഖമനേയി

Thursday 03 September 2020 12:37 AM IST

ടെഹ്റാൻ: തങ്ങളുടെ ആജന്മ ശത്രുക്കളായ ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാനുള്ള സമാധാന കരാറിലൂടെ യു.എ.ഇ മുസ്ലിം ലോകത്തെ വഞ്ചിച്ചുവെന്ന് ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയി ട്വീറ്റ് ചെയ്തു.

അമേരിക്കയാണ് യു.എ.ഇയുടേയും ഇസ്രയേലിന്റെയും കരാറിന് മദ്ധ്യസ്ഥത വഹിച്ചത്.

' ഇസ്ലാം ലോകത്തെയും അറബ് രാജ്യങ്ങളെയും ഒപ്പം പലസ്തീനേയും യു.എ.ഇ ചതിച്ചു.യു.എ.ഇ കാട്ടിയ ഈ വഞ്ചന ഏറെ നാൾ നീണ്ടുനിൽക്കില്ല. എന്നാൽ അത് വരുത്തിവച്ച കളങ്കം അവർക്കൊപ്പം എന്നുമുണ്ടാകും. യു.എ.ഇ ഉടൻ തന്നെ കാര്യങ്ങൾ തിരിച്ചറിയുമെന്നും അവർ ചെയ്തതിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ഖമനേയി പറഞ്ഞു.

ഇസ്രയേലുമായി സമാധാന ഉടമ്പടിയുണ്ടാക്കുന്ന അറബ് മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് യു.എ.ഇ. ദീർഘനാളായി നീണ്ടുനിന്ന വിലക്കുകൾ അവസാനിപ്പിച്ചാണ് യു.എ.ഇയും ഇസ്രയേലും നയതന്ത്രബന്ധം സുഗമമാക്കുന്ന കരാറിൽ ഒപ്പുവച്ചത്. ആഗസ്റ്റ് 13നായിരുന്നു കരാർ പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഇതാദ്യമായാണ് കരാറിനെതിരെ ഖമനേയി തന്റെ പ്രതികരണം അറിയിക്കുന്നത്.