കുടിയേറ്റ വിരുദ്ധ വികാരത്തിനെതിരെ സിംഗപ്പൂർ പ്രധാനമന്ത്രി
Thursday 03 September 2020 12:43 AM IST
സിംഗപ്പൂർ: കുടിയേറ്റ വിരുദ്ധ വികാരം വേണ്ടെന്ന് തുറന്ന് പറഞ്ഞ് സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹ്സെയ്ൻ ലൂംഗ്. കൊവിഡ് മഹാവ്യാപനത്തെത്തുടർന്ന് സിംഗപ്പൂരിൽ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചു. ഇതിനെ തുടർന്ന് തദ്ദേശവാസികൾ മാത്രം ജോലി ചെയ്താൽ മതിയെന്നും വിദേശീയരെ പറഞ്ഞുവിടണമെന്നുമുള്ള തരത്തിൽ ചില നീക്കങ്ങളുണ്ടായി. ഇതിനാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ അവസാനമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട പ്രസംഗത്തിനിടെയാണ് വിരുദ്ധ വികാരത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്. മറ്റൊരാളുടെ തൊഴിൽ തട്ടിപ്പറിക്കും വിധം പെരുമാറരുത്. നമ്മൾ വിദേശികൾക്ക് മുന്നിൽ രാജ്യം അടച്ചിടുകയാണെന്നോ അവരെ സ്വീകരിക്കില്ലെന്നോ കരുതും വിധം പെരുമാറരുതെന്നും ലൂംഗ് പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ രീതി അതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.