നീറ്റ് ഹാൾടിക്കറ്റ് കിട്ടിയില്ല: വിദ്യാർത്ഥിനി ആത്മഹത്യചെയ്തു

Thursday 03 September 2020 12:57 AM IST

അടുത്തദിവസം ഹാൾടിക്കറ്റ് എത്തി

ചെന്നൈ: നീറ്റ് പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാത്തതിന്റെ മനോവിഷമത്തിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഗണേഷന്റെ മകൾ ഹരീഷ്‌മയാണ് (17) ഞായറാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. ആപ്ളിക്കേഷൻ നമ്പറും സെക്യൂരിറ്റി പിന്നും പരസ്പരം മാറിപ്പോയതിനാലാണ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാത്തതെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് തിങ്കളാഴ്ച ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു.

12-ാം ക്ലാസ് പൂർത്തിയാക്കി, നീറ്റ് പരീക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു ഹരീഷ്മ.

ഡോക്ടർ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സുഹൃത്തുക്കൾക്കെല്ലാം ഹാൾടിക്കറ്റ് ലഭിക്കുകയും തനിക്ക് ഹാൾടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഹരീഷ്‌മ ആകെ മനോവിഷമത്തിലായി. പരീക്ഷ എഴുതാൻ സാധിക്കില്ലെന്നോർത്ത് പെൺകുട്ടി കീടനാശിനി കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.