പ്രാദേശിക സംസ്കാരവും ഇസ്ലാമും

Thursday 03 September 2020 12:14 AM IST

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മതമെന്ന നിലയ്ക്ക് ഇസ്ലാം രണ്ടാം സ്ഥാനത്താണ്. രണ്ടുതരം നിയമങ്ങളാണ് ഇസ്ളാമിൽ ഉള്ളത്. ആരാധനാ - അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. അതിൽ സാർവത്രിക ഏകതയുണ്ട്. പ്രാദേശികമായി പരിഗണിക്കപ്പെടേണ്ടതല്ല അത് എന്നതാണു കാരണം. നിസ്കാരം ഉദാഹരണം. ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ് അതിന്റെ ഘടന. ഈ ഏകത ആളുകൾക്കു വലിയ സൗകര്യമാണ്.

മനുഷ്യന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളാണു രണ്ടാമത്തേത്. അക്കാര്യത്തിൽ സാർവത്രിക ഏകത ഇസ്ളാം നിർദ്ദേശിക്കുന്നില്ല. അത് അപ്രായോഗികവും മനുഷ്യ പ്രകൃതത്തിനു വിരുദ്ധവുമാണ് എന്നതു തന്നെ കാരണം. അടിസ്ഥാന ധാർമ്മിക മൂല്യങ്ങൾ പൊതുവായി പറയുക മാത്രമാണ് ഇക്കാര്യത്തിൽ ഇസ്ലാം ചെയ്യുന്നത്. ഭക്ഷണ കാര്യത്തിൽ ഇസ്ലാം ഇങ്ങനെ പറയും. വിഹിതമായ, നല്ലതു മാത്രം ഭക്ഷിക്കുക. ശവം, പന്നി, രക്തം എന്നിവ വർജ്ജിക്കുക, ധൂർത്ത് അരുത്, കൂടെയുള്ളവരെ പരിഗണിക്കുക. ഇതാകുന്നു ആ കാര്യത്തിലുള്ള നിയമം. ഇതിനെ പരിഗണിച്ചുകൊണ്ട് പാശ്ചാത്യമോ അറേബ്യനോ ഭാരതീയമോ മറ്റോ ആയ ഏതു ഭക്ഷ്യരീതികളും മര്യാദകളും ഒരാൾക്കു സ്വീകരിക്കാം. കൈകൊണ്ടു ഭക്ഷിക്കാം. കത്തിയും മുള്ളും ഉപയോഗിക്കാം. സസ്യാഹാരി ആകാം. മാംസാഹാരി ആകാം. ഈ അർത്ഥത്തിൽ ഇസ്ളാം പ്രാദേശികമാണ് എന്നു പറയാം.

ഖുർ ആൻ പറയുന്നു, ഒരു പ്രവാചകനെയും തന്റെ ജനതയുടെ ഭാഷയിലല്ലാതെ നാം നിയോഗിച്ചിട്ടില്ല. ( ഖുർ ആൻ 14:4) വചനത്തിൽ ഭാഷ എന്ന പ്രയോഗം വിപുലമായ അർത്ഥ സാദ്ധ്യതകളാണുള്ളത്. സംസ്കാരം, ശീലം, സമ്പ്രദായം എന്നൊക്കെ അർത്ഥ വ്യാപ്തിയുണ്ട് അതിന്. ഒരു പ്രദേശത്തിന്റെ സാംസ്കാരിക പരിസരത്തുനിന്ന് മാറിനിൽക്കാൻ ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മലയാളിയുടെ ഇസ്ലാം അറബിയുടെ ഇസ്ലാമും പാശ്ചാത്യന്റെ ഇസ്ളാമും അനുഷ്ഠാന - വിശ്വാസ കാര്യങ്ങളിൽ ഒന്നാണെങ്കിലും ജീവിതരീതികളിലും വിശദാംശങ്ങളിലും തികച്ചും ഭിന്നമായിരിക്കും.

കല, സാഹിത്യം, ആഘോഷം, ഭക്ഷണ - വസ്ത്രരീതികൾ, ഭാഷ, വിനോദങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം തികച്ചും പ്രാദേശികമായി ഉൾക്കൊള്ളപ്പെടേണ്ടതാണ്. ഇസ്ളാം അനുശാസിക്കുന്ന അടിസ്ഥാന ധർമ്മ - മൂല്യങ്ങളിൽ ഊന്നിനിന്നുകൊണ്ട് പ്രാദേശിക സംസ്കൃതിയെ സമ്പൂർണമായി ഉൾക്കൊള്ളുകയെന്നത് മുസൽമാന്റെ ബാദ്ധ്യതയാണ്. ഏതെങ്കിലും ഒരു പ്രദേശത്തിന്റെ സംസ്കാരം മറ്റൊരു പ്രാദേശിക സംസ്കാരത്തെക്കാൾ മുകളിലാവുകയോ താഴെയാവുകയോ ഇല്ല. ഓരോ പ്രദേശത്തിനും അതിന്റേതായ പൈതൃകവും പാരമ്പര്യവും ഉണ്ട്. മലയാളികളുടെ ദേശീയ ആഘോഷമാണ് ഓണം. നാട്ടുത്സവമാണത്. കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സന്തോഷപ്പെരുന്നാളാണത്. ഏതു ആഘോഷത്തിനും ചില കഥകളും ഐതിഹ്യങ്ങളും പിന്നാമ്പുറ വർത്തമാനങ്ങളായി പ്രചരിച്ചിട്ടുണ്ടാകും. അതെന്തായാലും ജനത അതിനെ എങ്ങനെ നോക്കിക്കാണുന്നു, അനുഭവിക്കുന്നു എന്നതാണു പ്രധാനം.

ഓണം മലയാളിയുടെ സ്വപ്നങ്ങൾക്കു നിറം പകരുന്നു. നീതിസങ്കല്പത്തെ പ്രകാശിപ്പിക്കുന്നു. ധർമ്മബോധത്തെ ഉത്തേജിപ്പിക്കുന്നു. പ്രകൃതിയുമായി അവനെ ബന്ധിപ്പിക്കുന്നു. പൂവും പൂക്കളുമായി അവന്റെ ആർദ്രവികാരങ്ങളെ സമ്പന്നമാക്കുന്നു. മൊത്തത്തിൽ ഓണം മലയാളിയുടെ മനസിനെ വിമലീകരിക്കുന്നു. ഓണപ്പരീക്ഷ മുതൽ ഓണച്ചന്ത വരെ മലയാളിയുടെ ജീവിതത്തെ ഓണം ഓർമ്മകൾ എന്നും പിന്തുടരുന്നു. ഈ നന്മകൾ ഉൾക്കൊള്ളുന്നതിൽ ഇസ്ളാം വിയോജിക്കുന്നതെന്തിന്? ഒരു മുസൽമാൻ ഈ നാട്ടോർമ്മകളിൽ നിന്നു വിട്ടുനിൽക്കുന്നതെന്തിന്?

ഇസ്ലാം അങ്ങനെ നിർദ്ദേശിക്കുന്നില്ല. മാത്രമല്ല, പ്രാദേശിക ആഘോഷങ്ങളിൽ ധാർമ്മികതയിലൂന്നി ചേർന്നു നിൽക്കണം. പ്രവാചക മാതൃക അതു തന്നെയാണ്.

അറേബ്യയിലെ പ്രധാന ചന്തകളിലൊന്നാണു ഉക്കാദ് ചന്ത. നാനാഭാഗത്തുനിന്നു വ്യാപാരികൾ തങ്ങളുടെ കച്ചവട വിഭവങ്ങളുമായി വന്നുചേരും. അവിടേക്ക് ജനങ്ങൾ കൂട്ടമായൊഴുകിയെത്തും. രാപ്പകൽ ഭേദമില്ലാതെ ഉത്സവമാണാ നാളുകൾ. കവിയരങ്ങുകൾ, നൃത്തനൃത്യങ്ങൾ, കഥപറയൽ, കഥാപ്രസംഗങ്ങൾ, ജ്യോതിഷികൾ, പ്രവചനക്കാർ തുടങ്ങി അവിടെയില്ലാത്തതായൊന്നുമില്ല. ആ ആഘോഷച്ചന്തയിൽ പ്രവാചകൻ പങ്കെടുക്കാറുണ്ടായിരുന്നു. അവിടെ ഒരു വേദി സംഘടിപ്പിച്ച് ജനങ്ങളുമായി സംവദിക്കാറുണ്ടായിരുന്നു. ഒരു അനൗചിത്യവും നബി അതിൽ കണ്ടിരുന്നില്ല. മുഹമ്മദ് നബി പ്രാദേശികമായ വസ്‌ത്രം ധരിച്ചു. അറേബ്യൻ ഭക്ഷണം കഴിച്ചു. കലകളാസ്വദിച്ചു. ആഘോഷങ്ങളിൽ പങ്കുകൊണ്ടു.

ഓരോ മുസൽമാനും തന്റെ പ്രദേശത്തോട്, അവിടത്തെ സംസ്കൃതിയോട് ചേർന്നുനിൽക്കണം എന്നാണ് പ്രവാചകൻ നൽകുന്ന പാഠം. വേറിട്ടു നിൽക്കുകയല്ല, ചേർന്നു നില്ക്കുകയാണു വേണ്ടത്. സർവാശ്ളേഷിത സംസ്കൃതിയാണ് ഇസ്ലാം.

(ലേഖകൻ ഖുൻ- ആൻ അകംപൊരുൾ മാനവിക വ്യാഖ്യാനം എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് ഫോൺ: 9447438635. )