ഫേസ്ബുക്കിന് കത്തയച്ച് തൃണമൂൽ കോൺഗ്രസും

Thursday 03 September 2020 12:22 AM IST

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ നൂറു കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകൾ നിരോധിച്ചുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് ഫേസ്ബുക്കിന് കത്തയച്ചു. സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ഫേബുക്കിനെഴുതിയ കത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെരക് ഒബ്രയാൻ ആവശ്യപ്പെട്ടു.

കത്തിൽ നീക്കം ചെയ്ത അക്കൗണ്ടുകളുടെയും വാട്സാപ്പ് നമ്പറുകളുടെയും പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിറ്റി സ്റ്റാൻഡേർഡ്​സ് വയലേഷൻ ആരോപിച്ചാണ് അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുന്നത്.

ബംഗാളിലെ ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുന്നത് ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുളള ബന്ധമാണ് വെളിവാക്കുന്നതെന്നും മറ്റൊരു കത്തിൽ ഒബ്രയാൻ ആരോപിച്ചു. ഫെയ്​സ്ബുക്കിന്റെ ബി.ജെ.പി. അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാൾസ്ട്രീറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചർച്ചയായതിന്റെ പശ്ചാത്തലത്തിൽ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ഫേസ്ബുക്ക് മേധാവിക്ക് കത്തയച്ചിരുന്നു.