'വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചെങ്കിൽ മാപ്പ്': വിടചൊല്ലി ജസ്റ്റിസ് അരുൺമിശ്ര
ന്യൂഡൽഹി: മനഃസാക്ഷിക്ക് അനുസരിച്ചാണ് ഓരോ കേസും കൈകാര്യം ചെയ്തതെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും മുറിവേൽപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നുവെന്നും വിടവാങ്ങൽ ചടങ്ങിൽ ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
'എന്റെ വിധികൾ വിശകലനം ചെയ്തുക്കൊള്ളൂ. പക്ഷ പലവിധ നിറങ്ങൾ നൽകരുത്.ന്യായമായും കൃത്യമായും തീർപ്പ് കൽപ്പിച്ചില്ല എന്ന് തോന്നിയ ഒരു കേസ് പോലുമില്ല. കടുത്ത വാക്കുകൾ ഉപയോഗിച്ചിരിക്കാം. അത് ആരെയെങ്കിലും മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണം'- മിശ്ര പറഞ്ഞു.
പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസും അദ്ദേഹം പരോക്ഷമായി പരാമർശിച്ചു.
'ശിക്ഷ നൽകരുതെന്ന് എ.ജി ആവശ്യപ്പെട്ടെങ്കിലും ശിക്ഷ നൽകേണ്ടി വന്നു. അക്കാര്യത്തിൽ ചർച്ച ആഗ്രഹിക്കുന്നില്ലെന്നും' കൂട്ടിച്ചേർത്തു.
കൊവിഡ് പശ്ചാത്തലത്തിൽ വിർച്വൽ യാത്രയയപ്പ് ചടങ്ങാണ് സുപ്രീംകോടതിയിൽ സംഘടിപ്പിച്ചത്.
ജസ്റ്റിസ് അരുൺ മിശ്ര മാർഗദീപമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അരുൺ മിശ്ര ധൈര്യപൂർവം നേരിട്ടെന്നും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളപ്പോഴും തന്റെ ജോലി തടസമില്ലാതെ തുടർന്നുവെന്നും ബോബ്‌ഡെ പറഞ്ഞു.
സുപ്രീംകോടതിയുടെ ഉരുക്ക് ജഡ്ജിയെന്നാണ് അരുൺ മിശ്രയെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിശേഷിപ്പിച്ചത്.
പ്രതിഷേധിച്ച് ദുഷ്യന്ത് ദവെ
വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെ. ഡിസംബറിൽ തന്റെ കാലാവധി തീരുന്നത് വരെ സുപ്രീംകോടതിയിലെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് കാട്ടി ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്ക് കത്ത് നൽകി.