''ദിവസം 10-12 പുരുഷന്മാർ, സ്വകാര്യഭാഗങ്ങളിൽ മെഴുക് ഉരുക്കി ഒഴിച്ചു"
ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി പെൺകുട്ടി
ന്യൂഡൽഹി: 'പതിനാറുവയസിലാണ് പുനെയിലെ വേശ്യാലയത്തിൽ എത്തപ്പെട്ടത്. അവിടുന്ന് രക്ഷപെടാനുള്ള ഓരോ ശ്രമവും ശരീരത്തിൽ വടുക്കളായും ആഴമുള്ള മുറിവുകളായും മാറിക്കൊണ്ടിരുന്നു. അവരെന്നെ ഇരുമ്പുവടി കൊണ്ട് പൊതിരെ തല്ലി. സ്വകാര്യഭാഗങ്ങളിൽ ചൂടുള്ള മെഴുക് ഉരുക്കിയൊഴിച്ചു പൊള്ളിച്ചു. ജനാലയിലൂടെ എന്നെ പുറത്തേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തി. എന്നെ തള്ളിയിട്ടു, ഉയരത്തിൽ നിന്ന് വീണു എന്റെ പല്ലുകൾ പോയി...'
-ഹ്യൂമൻസ് ഒഫ് ബോംബെയുടെഫേസ്ബുക്ക് പേജിലാണ് പെൺകുട്ടിയുടെ പൊള്ളുന്ന കുറിപ്പ്. അവിടെ നിന്ന് രക്ഷപെടാൻ സഹായിച്ച 'പൊലീസുകാരന്' നന്ദി പറഞ്ഞുകൊണ്ടാണവൾ കുറിപ്പ് അവസാനിപ്പിക്കുന്നത്. 'പത്തുവയസുള്ളപ്പോൾ അച്ഛനെ നഷ്ടമായി. രോഗിയായ അമ്മയെയും അനുജത്തിയെയും പോറ്റാനായി പഠനം ഉപേക്ഷിച്ചു.ജോലി നോക്കിയ കൊൽക്കത്തയിലെ ഫാക്ടറി പൂട്ടിയതോടെ ജീവിതം ഇരുട്ടിലായി. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട സ്ത്രീ ജോലി വാഗ്ദാനം ചെയ്തു. സ്‌നേഹത്തോടെ അവർ വാങ്ങി തന്ന ചായയും കേക്കും കഴിച്ചതേ ഓർമ്മയുള്ളൂ. കണ്ണ് തുറക്കുമ്പോൾ പുനെയിലാണ്. അവരെന്നെ 'ബഡി ദീദി' എന്ന സ്ത്രീക്ക് വിറ്റു. 30 ഓളം പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. അവിടെ എത്തുന്ന പുരുഷൻമാർക്കൊപ്പം കിടപ്പറ പങ്കിടാൻ ബഡി ദീദി നിർബന്ധിച്ചു. ചെറുത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചു. പിടിച്ചു നിൽക്കാൻ കഴിയാതെ അവർക്ക് വഴങ്ങേണ്ടി വന്നു.
ദിവസവും 10-12 പുരുഷന്മാരോടൊപ്പം കിടക്കേണ്ടി വന്നു. 16 വയസിൽ ആർത്തവം ഒഴിവാക്കാൻ മരുന്നുകൾ തന്നതോടെ രക്തസ്രാവവും വേദനയുമായി. മരിക്കുമെന്ന് തോന്നിപ്പോയി. ആ അവസ്ഥയിലും പുരുഷന്മാർക്കൊപ്പം കിടക്കേണ്ടി വന്നു. രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. എന്റെ അടുക്കലെത്തിയ പൊലീസുകാരനാണ് അതിജീവനത്തിനുള്ള വഴി തുറന്നത്. അദ്ദേഹം എനിക്ക് കൊൽക്കത്തയ്ക്ക് ട്രെയിൻ ടിക്കറ്റ് എടുത്തുതന്നു. യാത്ര ചെലവിനായി 3000 രൂപ നൽകി. ആറു വർഷത്തിനുശേഷമാണ് അമ്മയെ കണ്ടത്. എന്റെ യാതനകൾ അമ്മയോട് പറയാൻ ധൈര്യം ഇല്ലായിരുന്നു. വീണ്ടും ഞാൻ ജീവിക്കാൻ തുടങ്ങി. ഒരു എംബ്രോയിഡറി ഫാക്ടറിയിൽ ജോലി നേടി. എന്റെ അമ്മയ്ക്ക് വേണ്ടി ഒരു വീട് വാങ്ങണം, അതാണ് ഏറ്റവും വലിയ ആഗ്രഹം. മുറിവുകൾ ഇനിയും കരിഞ്ഞിട്ടില്ല. ലോകത്ത് നല്ലതും ചീത്തയും ഉണ്ട്. നന്മയ്ക്കായി പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു.' പെൺകുട്ടിയുടെ വാക്കുകളിൽ അതിജീവനത്തിന്റെ ധൈര്യം.