ഇന്നലെ 228 പേർക്ക് കൊവിഡ്

Thursday 03 September 2020 2:12 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15000 കടന്നു. അതേസമയം 11000ത്തോളം പേർ രോഗമുക്തി നേടിയെന്നും നിലവിൽ 4951 പേരേ ചികിത്സയിലുള്ളൂവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്നലെയും തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. രോഗം സ്ഥിരീകരിച്ച 228 പേരിൽ 150 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. മൂന്നുപേരുടെ മരണവും ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടൻ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സിൽവാമ്മ (80), ആഗസ്റ്റ് 31ന് മരണമടഞ്ഞ ശ്രീകാര്യം സ്വദേശി ബാലചന്ദ്രൻ നായർ (63) എന്നിവരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്.16 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തമാകാതെ 60 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. വീട്ടു നിരീക്ഷണത്തിലുണ്ടായിരുന്ന 13പേർക്കും മറ്റ് സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്. നെടുമങ്ങാട്, ഉച്ചക്കട, മുള്ളൂർ, കൊച്ചുതോപ്പ്, വഞ്ചിയൂർ,ശ്രീകാര്യം, മൈലക്കര, അമരവിള, പാറശ്ശാല എന്നിവിടങ്ങളിലും കൂടുതൽ പേർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. അതേസമയം ഇന്നലെ 402 പേർ രോഗമുക്തി നേടി.

ആകെ നിരീക്ഷണത്തിലുള്ളവർ-21,726 വീടുകളിൽ-17,452 ആശുപത്രികളിൽ -3,687 കെയർ സെന്ററുകളിൽ-587 പുതുതായി നിരീക്ഷണത്തിലായവർ-1,550

മന്ത്രി എ.കെ. ബാലൻ നിരീക്ഷണത്തിൽ

ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി എ.കെ.ബാലൻ നിരീക്ഷണത്തിൽ പോയി. ഗൺമാനോട് സമ്പർക്കത്തിൽവന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 14 മുതൽ 28 വരെ ഗൺമാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. 24നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും നിയമസഭയിൽ വന്ന സ്റ്റാഫും ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. അതിനാൽ ഓഫീസ് രണ്ടു ദിവസം അടച്ചിട്ട് അണുവിമുക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.