കഞ്ചാവ് കൃഷിക്കൊരുങ്ങി പാക് സർക്കാർ
Friday 04 September 2020 12:29 AM IST
ഇസ്ളാമബാദ്: ഔഷധ നിർമ്മാണത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കാൻ ഒരുങ്ങി പാകിസ്ഥാൻ സർക്കാർ. കഞ്ചാവ് കൃഷിക്ക് പച്ചക്കൊടി വീശുന്ന തീരുമാനം പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചരിത്രപരമായ തീരുമാനം എന്നാണ് ഇതേക്കുറിച്ച് മന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. പാകിസ്ഥാനിലെ ത്സലം ഹർബൽ മെഡിസിൻ പാർക്കിലാകും കഞ്ചാവ് ഉത്പാദിപ്പിക്കുക. ഇതോടെ കനബിഡോൾ മാർക്കറ്റിൽ പാകിസ്ഥാൻ ഇടം നേടുമെന്നും മന്ത്രി ട്വീറ്റിൽ പറഞ്ഞു. മരുന്ന് നിർമ്മാണത്തിനായി പ്രത്യേകതരം കഞ്ചാവു വിത്തുകൾ ഇറക്കുമതി ചെയ്യാനും രാജ്യം ആലോചിക്കുന്നുണ്ട്. ഇവയുടെ ഇല തുണിവ്യവസായത്തിനും വിത്ത് എണ്ണ ഉത്പാദനത്തിനും ഉപയോഗിക്കാനും പദ്ധതിയുണ്ട്. നിലവിൽ ചൈനയിലും കാനഡയിലും ഇത്തരത്തിൽ ഔഷധ നിർമ്മാണത്തിനായി കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്.