ഷേക്ക് ഹാൻഡില്ല: മോസ്കോയിൽ നമസ്‌തേ പറഞ്ഞ് രാജ്‌നാഥ് സിംഗ്

Friday 04 September 2020 12:18 AM IST

മോസ്‌​കോ: ഹസ്തദാനത്തിനായി കൈനീട്ടിയ റഷ്യൻ ഉന്നത ഉദ്യോഗസ്ഥരോട് ഇന്ത്യൻ പരമ്പരാഗത ശൈലിയിൽ കൈകൾ കൂപ്പി നമസ്‌​തേ പറഞ്ഞ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്​നാഥ് സിംഗ്.

ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കുന്നതിനായി മോസ്‌​കോയിലെത്തിയ മന്ത്രിയെ സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് കൈകൾ കൂപ്പി അഭിവാദ്യം ചെയ്തത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അഭിവാദ്യം ചെയ്യാൻ പരമ്പരാഗത രീതിയെ മന്ത്രി കൂട്ടുപിടിച്ചത്.

മോസ്‌​കോയിലെത്തിയ രാജ്​നാഥ് സിംഗിനെ മേജർ ജനറൽ ബുഖ്തീവ് യുരി നിക്കോളെവിച്ച് സ്വീകരിച്ചു. ഇന്ത്യൻ അംബാസഡർ ഡി.ബി.വെങ്കടഷ് വർമയും പ്രതിരോധമന്ത്രിക്കൊപ്പമുണ്ട്. സ്വീകരണത്തിന്റെ വീഡിയോ രാജ്നാഥ് ട്വിറ്ററിൽ പങ്കുവച്ചു.

ഇന്ന് രാജ്നാഥ്സിംഗ് , ജനറൽ സെർജെ ഷോയ്ഗുവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുൾപ്പടെ എട്ട് രാജ്യങ്ങളാണ് എസ്.സി.ഒയിൽ ഉളളത്. അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ ഭീകരത ഉൾപ്പടെയുളള സുരക്ഷാ വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യും. ഇന്ത്യയും ചൈനയും തമ്മിലുളള അതിർത്തി പ്രശ്​നങ്ങൾ വീണ്ടും ഉയർന്നുവരുന്നതിനിടയിലാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രതിരോധമന്ത്രി, പാകിസ്ഥാൻ മന്ത്രി എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.